ആർ. ആർ. ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ ലഭിച്ചതിന്റെ ആഘോഷം ഇതുവരെ തീർന്നിട്ടില്ല. ഭാരതീയർക്ക് മുഴുവൻ അഭിമാനമായി മാറിയ ചിത്രം സംവിധാനം ചെയ്തത് രാജമൗലി ആണ്.
ചിത്രത്തിന് ഓസ്കാർ കിട്ടിയതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. ആർ. ആർ. ആറിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകൻ രാജമൗലി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ആർ.ആർ.ആർ 2ന്റെ തിരക്കഥയുമായി ബന്ധപ്പെട്ട ജോലികൾ വളരെ വേഗത്തിലാക്കുമെന്ന് പറയുകയാണ് രാജമൗലി.
ഓസ്കർ ലഭിച്ചതിന് പിന്നാലെ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആർ. ആർ. ആറിന്റെ രണ്ടാം ഭാഗം വേഗത്തിലാക്കാൻ ഓസ്കർ പ്രചോദനമാകുമോ? എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തീർച്ചയായും, ആർ. ആർ. ആർ 2ന്റെ തിരക്കഥയുമായി ബന്ധപ്പെട്ട ജോലികൾ വളരെ വേഗത്തിലാക്കും, നമുക്ക് കാണാം എന്നാണ് രാജമൗലി മറുപടി പറഞ്ഞത്. രാജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദാണ് തിരക്കഥ ഒരുക്കുന്നത്. നേരത്തെ വിദേശമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പിതാവ് രണ്ടാംഭാഗത്തിന്റെ കഥ വികസിപ്പിച്ച് വരികയാണെന്ന് രാജമൗലി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക