Home LATEST NEWS സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന്

ഹൈദരാബാദ്: സിനിമാ താരങ്ങളുടെ ദേശീയ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കർണാടക ബുൾഡോസേഴ്സ് നാലാം സ്ഥാനത്തുള്ള തെലുങ്ക് വാരിയേഴ്സിനെയും രണ്ടാം സ്ഥാനത്തുള്ള ഭോജ്പുരി ദബാംഗ്സ് മൂന്നാം സ്ഥാനത്തുള്ള മുംബൈ ഹീറോസിനെയും നേരിടും. കർണാടക ബുൾഡോസേഴ്സും തെലുങ്ക് വാരിയേഴ്സും തമ്മിൽ ഉച്ചയ്ക്ക് 2.30നും ഭോജ്പുരി ദബാങ്സും മുംബൈ ഹീറോസും തമ്മിൽ രാത്രി ഏഴിനുമാണ് മത്സരം. രണ്ട് മത്സരങ്ങളും ഹൈദരാബാദിലാണ് നടക്കുക. 

സെമി ഫൈനലിൽ കളിക്കുന്ന നാലില്‍ രണ്ട് ടീമുകളും നാലില്‍ നാല് മത്സരങ്ങളും വിജയിച്ചവരാണ്. കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ് എന്നിവയാണ് 100% വിജയമുള്ള ടീമുകൾ. മൂന്ന് മത്സരങ്ങളിൽ മുംബൈ ഹീറോസും രണ്ട് മത്സരങ്ങളിൽ തെലുങ്ക് വാരിയേഴ്സും വിജയിച്ചു. കർണാടകയുടെ നെറ്റ് റൺ റേറ്റ് 2.438 ആണ്. ഭോജ്പുരി ദബാംഗ്സിന്‍റെ നെറ്റ് റൺ റേറ്റ് 2.175, മുംബൈ ഹീറോസ് -0.407, തെലുങ്ക് വാരിയേഴ്സ് 0.746 എന്നിങ്ങനെയാണ്. ഫൈനൽ ഞായറാഴ്ച വൈകിട്ട് ഏഴിന് നടക്കും. ഫൈനൽ ഹൈദരാബാദിലാണ് നടക്കുക.

ഈ വർഷത്തെ സിസിഎല്ലിൽ കേരള സ്ട്രൈക്കേഴ്സിന്‍റെ മോശം പ്രകടനമാണ് ഉണ്ടായത്. 4 മത്സരങ്ങളിൽ നാലിലും തോറ്റ അവർ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. കേരള സ്ട്രൈക്കേഴ്സിന്‍റെ നെറ്റ് റൺ റേറ്റ് -2.407 ആണ്. തെലുങ്ക് വാരിയേഴ്സ്, കർണാടക ബുൾഡോസേഴ്സ്, മുംബൈ ഹീറോസ്, ഭോജ്പുരി ദബാംഗ്സ് എന്നിവരോടെല്ലാം കേരള സ്ട്രൈക്കേഴ്സ് പരാജയം ഏറ്റുവാങ്ങി. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മുംബൈ ഹീറോസിനെതിരായ മത്സരത്തിൽ കേരളം വിജയിക്കുമെന്ന് തോന്നിയെങ്കിലും അവസാന ഓവറിൽ വീണു.

Also Read :   ആനയിറങ്കൽ അണക്കെട്ട് ഭാ​ഗത്തേക്ക് നീങ്ങി അരിക്കൊമ്പൻ; നിരീക്ഷിച്ച് വനപാലകർ