Home LATEST NEWS നിലവിൽ ലഭ്യമായവയിൽ വച്ച് ഏറ്റവും മികച്ച സംവിധാനമാണ് കൊളീജിയം: ചീഫ് ജസ്റ്റിസ്

നിലവിൽ ലഭ്യമായവയിൽ വച്ച് ഏറ്റവും മികച്ച സംവിധാനമാണ് കൊളീജിയം: ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തെച്ചൊല്ലി കേന്ദ്ര നിയമമന്ത്രിയുമായി തർക്കത്തിനില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. പോരായ്മകൾ ഉണ്ടെങ്കിലും നിലവിൽ ലഭ്യമായവയിൽ വച്ച് ഏറ്റവും മികച്ച സംവിധാനമാണ് കൊളീജിയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയുടെ സ്വതന്ത്ര പ്രവർത്തനം ഉറപ്പാക്കുന്നതിന് ബാഹ്യശക്തികളുടെ സമ്മർദ്ദത്തിൽ നിന്ന് അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഒരു സംവിധാനവും 100 ശതമാനം മികച്ചതാണെന്ന് പറയാനാവില്ല. എന്നാൽ, കൊളീജിയം സമ്പ്രദായം ഇപ്പോൾ ലഭ്യമായവയിൽ വച്ച് ഏറ്റവും മികച്ച ഒന്നാണ്. നീതിന്യായ വ്യവസ്ഥയുടെ സമ്പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ജുഡീഷ്യറി സ്വതന്ത്രമാകണമെങ്കിൽ ബാഹ്യ സമ്മർദ്ദങ്ങളിൽ നിന്ന് അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“വ്യത്യസ്ത കാഴ്ചപ്പാടുകളിൽ എന്താണ് തെറ്റ്? എന്നാൽ ഭരണഘടനയുടെ അടിസ്ഥാനത്തിൽ അത്തരം കാഴ്ചപ്പാടുകളെ വിലയിരുത്താൻ മാത്രമേ എനിക്കു സാധിക്കൂ. കേന്ദ്ര നിയമമന്ത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കക്ഷി ചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്,” ചീഫ് ജസ്റ്റിസ് പറഞ്ഞു.

Also Read :   മൈക്കലാഞ്ചലോയുടെ 'ദാവീദ്' കുട്ടികൾക്ക് പരിചയപ്പെടുത്തി; പ്രിൻസിപ്പലിന് നഷ്ടമായത് ജോലി