നാഗാലാൻഡ് : മൃഗങ്ങളും, മനുഷ്യരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം വളരെ കൂടുന്ന നിമിഷങ്ങൾ പലപ്പോഴും നാം കണ്ടിട്ടുണ്ട്. അത്തരമൊരു സ്നേഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
അപകടത്തിൽപ്പെട്ടതോ, അനാഥരോ ആയ മൃഗങ്ങളെ വേണ്ട ശുശ്രൂഷകൾ നൽകി സുരക്ഷാ ഉദ്യോഗസ്ഥർ വനത്തിലേക്ക് തിരിച്ചയക്കാറുണ്ട്. എന്നാൽ പരിചരണത്തിന് ശേഷം തിരികെ കാട്ടിലേക്ക് തിരിച്ചയക്കാൻ കൊണ്ടുവന്ന ഒരു കുട്ടിക്കുരങ്ങൻ, അത്രയും നാൾ തന്നെ സംരക്ഷിച്ച ഉദ്യോഗസ്ഥനെ വിട്ടുപോകാൻ തയ്യാറാവാതെ വാശി പിടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.
നാഗാലാൻഡിലെ ഖോനോമയിലാണ് സംഭവമെന്ന് കരുതുന്നു. നാഗാ ഹിൽസ് എന്ന ട്വിറ്റർ പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. 1998 ൽ ഖൊനോമയിലെ വനപ്രദേശങ്ങളിൽ വേട്ടയാടുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിരിയാൻ കൂട്ടാക്കാത്ത കുട്ടിക്കുരങ്ങനെ നിരന്തരമായി പ്രോത്സാഹനം നൽകി ഉദ്യോഗസ്ഥൻ മരം കയറ്റി വിടുന്നത് കാണാം. ഹൃദയസ്പർശിയായ ചിത്രം എന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായം രേഖപ്പെടുത്തിയത്.