വലിയ ആവേശത്തോടെ റിലീസ് ചെയ്ത കന്നഡ ചിത്രമാണ് കബ്സാ. ഉപേന്ദ്ര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ കെ.ജി.എഫുമായുള്ള താരതമ്യം പ്രേക്ഷകർ ചൂണ്ടിക്കാണിച്ചിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷവും ഈ ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നായകൻ ഉപേന്ദ്ര.
ടീസർ പുറത്തിറങ്ങിയപ്പോൾ ചിത്രം കെ.ജി.എഫ് പോലെയാണെന്ന് ആളുകൾ പറഞ്ഞിരുന്നു. എന്നാൽ കബ്സായുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ചിത്രം എങ്ങനെ വ്യത്യസ്തമാണെന്ന് ആളുകൾക്ക് മനസ്സിലായി. സിനിമയെ ഇപ്പോൾ അങ്ങനെ താരതമ്യം ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല, സിനിമകളെ താരതമ്യം ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. അത് നല്ലതല്ല. ഓരോ ചിത്രത്തിനും അതിന്റേതായ പ്രത്യേകതകളുണ്ടാകുമെന്നും ഉപേന്ദ്ര പറഞ്ഞു. കബ്സാ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നും ഉപേന്ദ്ര പറഞ്ഞു.
ആർ ചന്ദ്രുവാണ് ചിത്രം സംവിധാനം ചെയ്തത്. കിച്ച സുദീപും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പീഡനങ്ങൾ സഹിച്ച ഒരു സ്വാതന്ത്രസേനാനിയുടെ മകന്റെ കഥയാണ് കബ്സ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക