Home LATEST NEWS തൊഴിലുറപ്പ് സ്ത്രീകളുടെ അധ്വാനം; കോടിക്കുളത്ത് നിർമിച്ചത് 42 കിണറുകൾ

തൊഴിലുറപ്പ് സ്ത്രീകളുടെ അധ്വാനം; കോടിക്കുളത്ത് നിർമിച്ചത് 42 കിണറുകൾ

തൊടുപുഴ : തൊഴിലുറപ്പ് സ്ത്രീകളുടെ കരുത്തിൽ കോടിക്കുളം പഞ്ചായത്തിൽ നിർമ്മിച്ചത് 42 ഓളം കിണറുകൾ. പുരുഷകേന്ദ്രീകൃത മേഖലയാണ് കിണർ നിർമാണം എന്ന തെറ്റിദ്ധാരണയാണ് അവർ ഇല്ലാതാക്കിയത്.

കോടിക്കുളം പഞ്ചായത്ത്‌ നാലാം വാർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 12 അംഗ സംഘം 6 പേര് അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കിണർ നിർമാണം നടത്തുന്നത്. ഓരോ പ്രദേശത്തെയും മണ്ണിന്റെ സവിശേഷതകൾ കൃത്യമായി മനസിലാക്കി 2 കോൽ ആഴത്തിൽ ദിവസവും കുഴി എടുക്കും. 7 മുതൽ 13 കോൽ വരെ ആഴമുള്ള കിണറുകൾ ഈ അമ്മമാർ ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. കുഴിക്കുന്നതിനിടയിൽ പാറ കണ്ടാൽ മറ്റ് തൊഴിലാളികളുടെ സഹായം തേടുന്നതൊഴിച്ചാൽ മറ്റ് ജോലികളെല്ലാം ഇവർ ഒന്നിച്ചാണ് ചെയ്യുന്നത്.

രാവിലെ 8:30 ന് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക്‌ അവസാനിക്കുന്ന ജോലിക്ക് 310 രൂപയാണ് കൂലി. എന്നാൽ അതിലുപരി കിണറിൽ വെള്ളം കാണുമ്പോൾ ലഭിക്കുന്ന സന്തോഷമാണ് ഏറ്റവും വലുത് എന്ന് അവർ പറയുന്നു. മത്സ്യ കുളങ്ങൾ, വൃക്ഷങ്ങൾ വക്കുന്നതിനുള്ള കുഴികൾ എന്നിവയും ഇവർ നിർമ്മിക്കാറുണ്ട്. ഷീബ തങ്കച്ചൻ, ലിസി ടോമി, മിനി ബിജു, ഡോളി ഷിജു, ലിസി ഫ്രാൻസിസ്, ലിസി ജോജോ, എന്നിവരാണ് കിണർ നിർമാണം ഏറ്റെടുത്തിരിക്കുന്നത്.

Also Read :   മുടി ചീകി ലോകറെക്കോർഡ് സ്വന്തമാക്കി ചൈനീസ് യുവതികൾ