ചെന്നൈ : ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ഗോൾഡൻ ഡക്കായി സൂര്യകുമാർ യാദവ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ആദ്യ പന്തിൽ തന്നെ പുറത്തായ സൂര്യകുമാർ ഇത്തവണ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയെങ്കിലും അതിജീവിച്ചില്ല.
ഇന്ത്യ 270 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന നിർണായകമായ മൂന്നാം ഏകദിനത്തിൽ 35-ാം ഓവറിലെ രണ്ടാം പന്തിലാണ് സൂര്യകുമാർ പുറത്തായത്. വിരാട് കോഹ്ലി 54 റൺസെടുത്ത് പുറത്തായതോടെയാണ് സൂര്യകുമാർ ക്രീസിലെത്തിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നാലാമനായി ബാറ്റിങിനിറങ്ങിയ സൂര്യകുമാർ ഇത്തവണ ഏഴാം സ്ഥാനത്താണ്. എന്നാൽ ആദ്യ പന്തിൽ തന്നെ ആഷ്ടൻ അഗറിന് വിക്കറ്റ് നല്കി സൂര്യകുമാർ മടങ്ങി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സൂര്യകുമാർ മിച്ചൽ സ്റ്റാർക്കിനായിരുന്നു വിക്കറ്റ് നൽകിയത്. ചെന്നൈയിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ ഇന്ത്യ ജയത്തിനായി പോരാടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക