ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ‘മാസ്റ്ററി’ന് ശേഷം വിജയും ലോകേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ലൊക്കേഷനിൽ നിന്ന് വരുന്ന വാർത്തകളെല്ലാം ശ്രദ്ധ നേടാറുണ്ട്. ലിയോയുടെ ചിത്രീകരണം കശ്മീരിൽ പുരോഗമിക്കുകയാണ്. ഇപ്പോൾ, അഫ്ഗാനിസ്ഥാനിൽ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ കശ്മീരിലുണ്ടായതിനെ പറ്റി പറയുകയാണ് അണിയറ പ്രവർത്തകർ. ഭൂചലനം നേരിട്ടനുഭവിച്ചെന്ന് ഇവർ പറയുന്നു.
ലിയോയുടെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തങ്ങൾ സുരക്ഷിതരാണെന്ന് അവർ ട്വീറ്റ് ചെയ്തു. ചന്ദ്രമുഖിയിൽ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഒരു ഹ്രസ്വ വീഡിയോയും അവർ ഒപ്പം പങ്കുവച്ചിട്ടുണ്ട്. ലിയോ ടീം നേരിട്ട് ഭൂകമ്പം അനുഭവിച്ചുവെന്നാണ് ഈ വീഡിയോ സൂചിപ്പിക്കുന്നതെന്ന് ആരാധകർ പറയുന്നു.
തൃഷയാണ് ലിയോയിലെ നായിക. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഗൗതം വാസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്, മിഷ്കിൻ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 90 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ .
പ്രതികരിക്കാൻ ഇവിടെ എഴുതുക