കൊച്ചി: ഫഹദിന്റെ ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ ആ സിനിമയുടെ സ്വഭാവം എന്തായിരിക്കുമെന്ന് ഫഹദിന്റെ കഥാപാത്രത്തിന്റെ കണ്ണിൽ നിന്ന് വായിക്കാൻ കഴിയുമെന്നാണ് പൊതുവെ പറയാറുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ ടീസർ ഈ വിഷയത്തെ ശക്തിപ്പെടുത്തുന്നതാണ്. മുംബൈയിൽ ജനിച്ചു വളർന്ന മലയാളി യുവാവിന്റെ കേരളത്തിലേക്കുള്ള യാത്രയുടെ കഥയാണ് പാച്ചുവും അത്ഭുത വിളക്കും പറയുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
ഏത് വേഷവും അനായാസം ചെയ്യാറുള്ള ഫഹദ് ഏറെക്കാലത്തിനുശേഷം ഒരു ഫീൽ ഗുഡ്, ടോട്ടൽ എന്റർടെയ്നർ ചിത്രവുമായി എത്തുകയാണ്. കുസൃതി നിറഞ്ഞ കണ്ണുകളും നർമ്മം കലർന്ന ശരീരഭാഷയും ഡയലോഗുകളും നിറഞ്ഞതാണ് ഫഹദ് കഥാപാത്രം. സിനിമയുടെ മൊത്തത്തിലുള്ള സ്വഭാവം ഫഹദിൽ നിന്ന് വായിക്കാമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.
ഫഹദിനെ കൂടാതെ വിജി വെങ്കിടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രൻസ്, നന്ദു, അൽത്താഫ് സലിം, മോഹൻ ആകാശ്, ഛായാ കദം, പിയൂഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, അവ്യൂക്ത് മേനോൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇന്നസെന്റ്, മുകേഷ്, ഇന്ദ്രൻസ്, നന്ദു തുടങ്ങിയ സീനിയർ താരങ്ങൾക്കൊപ്പമുള്ള ഫഫയുടെ കോമ്പിനേഷൻ രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക