ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും നടി പരിനീതി ചോപ്രയും തമ്മിൽ ഡേറ്റിംഗിലാണെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ കുറച്ചു നാളായി പ്രചരിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ, പാർലമെന്റിൽ പോലും, ഈ ഡേറ്റിംഗ് ഒരു പരാമർശമായി മാറിയിരിക്കുകയാണ്. പരാമർശിച്ചതോ രാജ്യസഭാ ചെയർമാനും വൈസ് പ്രസിഡന്റുമായ ജഗദീപ് ധൻകർ.
വജ്രവ്യാപാരിയും ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുമായ മെഹുൽ ചോക്സിക്കെതിരെ ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസ് (ആർസിഎൻ) പിൻവലിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ആം ആദ്മി പാർട്ടി (എഎപി) രാജ്യസഭയിൽ നോട്ടീസ് നൽകിയിരുന്നു. ആം ആദ്മി പാർട്ടിക്ക് വേണ്ടി രാഘവ് ഛദ്ദയാണ് നോട്ടീസ് നൽകിയത്. ചോക്സിക്കെതിരെ നടപടിയെടുക്കാൻ ഇന്റർപോളിന് മുന്നിൽ ശക്തമായി വാദിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നാണ് നോട്ടീസിൽ ഛദ്ദ പറഞ്ഞത്.
ഇതിന് പിന്നാലെയാണ് അടുത്തിടെ നടന്ന ഡേറ്റിംഗ് ഗോസിപ്പിനെക്കുറിച്ച് രാജ്യസഭാ ചെയർമാൻ പരാമർശിച്ചത്. ഛദ്ദ ഇതിനകം തന്നെ വേണ്ടത്ര സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അതിനാൽ ഇന്ന് നിങ്ങൾക്ക് നിശബ്ദ ദിനമാകാം എന്നും ധൻകർ കൂട്ടിചേർത്തു. ഇത് രാജ്യസഭയിൽ ചിരിപടർത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക