നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയൊരു വെല്ലുവിളിയാണ് മലിനീകരണം. മലിനീകരണം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഒട്ടും നിസാരമല്ല. അലര്‍ജി മുതല്‍ ഗുരുതരമായ ശ്വാസകോശരോഗം വരെ ഉണ്ടാകുന്നു.
വാഹനങ്ങളില്‍ നിന്നുള്ള പുകയും വ്യവസായകേന്ദ്രങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യവുമെല്ലാമാണ് നഗരങ്ങളില്‍ അന്തരീക്ഷം കൂടുതല്‍ മലിനമാകാനുള്ള കാരണം. ഈ സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ ജീവിതരീതികളില്‍ പലതിനും അധികശ്രദ്ധ നല്‍കേണ്ടിവരും. ഇത്തരത്തില്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ
ഒന്ന്…
ഒമേഗ-3 : ഒമോഗ-3 അണ്‍സാച്വറേറ്റഡ് ഫാറ്റി ആസിഡ്സ് (PUFA) മലിനീകരണം മൂലമുണ്ടാകുന്ന ഹൃദ്രോഗമടക്കമുള്ള പല പ്രശ്നങ്ങളെയും ചെറുക്കാൻ സഹായിക്കുന്നു. അതിനാല്‍ ഇവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. ഫിഷ് ഓയില്‍സ്, കോര- അയല- ആറ്റുമത്സ്യം പോലുള്ള മത്സ്യങ്ങള്‍, വാള്‍നട്ട്സ്, ഇലക്കറികള്‍, ഉലുവ, കറുത്ത കടല, രാജ്മ എന്നിവയെല്ലാം ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങളാണ്.
രണ്ട്…
മഞ്ഞള്‍ : പരമ്പരാഗതമായി തന്നെ ഔഷധമൂല്യമുള്ളൊരു ചേരുവയാണ് മഞ്ഞള്‍. മലിനീകരണം മൂലം ശ്വാസകോശം ബാധിക്കപ്പെടന്നതിനെ ചെറുക്കുന്നതിനാണ് മഞ്ഞള്‍ സഹായകമാകുക. മഞ്ഞള്‍ പാലില്‍ ചേര്‍ത്തോ, ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്തോ എല്ലാം കഴിക്കുന്നതാണ് ഏറ്റവും ഉചിതം.
മൂന്ന്…
വൈറ്റമിൻ സി : മലിനീകരണം ബന്ധപ്പെട്ടുണ്ടാകുന്ന പല പ്രശ്നങ്ങളും പ്രതിരോധിക്കുന്നതിന് വൈറ്റമിൻ-സി കൂടിയേ തീരൂ. കാരണം മലിനീകരണം ആദ്യം ബാധിക്കുന്നത് നമ്മുടെ ശ്വാസകോശത്തെയാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് വൈറ്റമിൻ-സി ഒരു അവിഭാജ്യഘടകമാണ്. സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന പഴങ്ങള്‍, മല്ലി, നെല്ലിക്ക, പേരക്ക, തക്കാളി, പപ്പായ എല്ലാം വൈറ്റമിൻ -സിയുടെ നല്ല ഉറവിടങ്ങളാണ്.
നാല്…
വൈറ്റമിൻ-ഇ : മലിനീകരണത്തില്‍ നിന്ന് ശ്വാസകോശത്തെ സുരക്ഷിതമാക്കി നിര്‍ത്താനും പ്രതിരോധശക്തി മെച്ചപ്പെടുത്താനുമെല്ലാം വൈറ്റമിൻ- ഇ ആവശ്യമാണ്. വെജിറ്റബിള്‍ ഓയില്‍സ്, പീനട്ട്സ്, ചുവന്ന കാപ്സിക്കം, ബദാം, സാല്‍മണ്‍ മത്സ്യം എന്നിവയെല്ലാം വൈറ്റമിൻ- ഇയുടെ നല്ല സ്രോതസുകളാണ്,
അഞ്ച്…
ബി-വൈറ്റമിനുകള്‍ : വൈറ്റമിൻ-ബി 2,ബി-6, ബി- 12, ഫോളേറ്റ് എന്നിവയെല്ലാം മലിനീരകണം മൂലമുണ്ടാകുന്ന ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, ഹൃദ്രോഗങ്ങള്‍, അര്‍ബുദം എന്നിവയെ എല്ലാം പ്രതിരോധിക്കുന്നു. മുട്ട, കട്ടത്തൈര്, കൂണ്, ചിക്കൻ, പീനട്ടസ്, സോയാബീൻ, പാല്, ചീസ്, നേന്ത്രപ്പഴം, ഓട്ട്സ്, ഇലക്കറികള്‍, വെള്ളക്കടല (ചന്ന), രാജ്മ, പച്ചക്കടല എന്നിവയെല്ലാം ഈ വൈറ്റമിനുകളുടെ നല്ല സ്രോതസുകളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക