രക്ത ദാനം ചെയ്ത് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ആൽബർട്ട് സ്വദേശിനിയായ 80 വയസുകാരി ജോസഫൈൻ മിച്ചാലുക്ക്. രക്ത ദാനം തന്‍റെ ജീവിതത്തിന്‍റെ ഭാഗമാണെന്നാണ് ഇവർ കരുതുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി കൃത്യമായ ഇടവേളകളിൽ ജോസഫൈൻ രക്തം ദാനം ചെയ്യുന്നുണ്ട്.
1965-ൽ, തൻ്റെ 22-ാം വയസ്സിലാണ് ജോസഫൈൻ ആദ്യമായി രക്തം ദാനം ചെയ്തത്. പിന്നീട് അവർ അത് തന്‍റെ ജീവിതത്തിന്‍റെ ഭാഗമാക്കി, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി തടസ്സമില്ലാതെ അത് ചെയ്യുന്നു. ഇതുവരെ 203 യൂണിറ്റ് രക്തമാണ് ഇവർ ദാനം ചെയ്തത്.
തന്‍റെ സഹോദരിയാണ് രക്തദാനത്തെക്കുറിച്ച് തന്നോട് ആദ്യം സംസാരിച്ചതെന്നും സഹോദരിയുടെ നിർബന്ധപ്രകാരം 22-ാം വയസ്സിൽ ആദ്യമായി രക്തം ദാനം ചെയ്തുവെന്നും ജോസഫൈൻ പറയുന്നു. ആദ്യമായി രക്തം ദാനം ചെയ്തപ്പോൾ അൽപ്പം ഭയമുണ്ടായിരുന്നു, പിന്നീട് താൻ ചെയ്യുന്നതിന്‍റെ മഹത്വം തിരിച്ചറിഞ്ഞപ്പോൾ, അത് തന്‍റെ ജീവിതത്തിന്‍റെ ഭാഗമാക്കിയെന്നും അവർ പറഞ്ഞു.