ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മഹാത്മാഗാന്ധിയുടെ സമാധിയായ രാജ്ഘട്ടിൽ കോൺഗ്രസ് നടത്താനിരുന്ന സത്യാഗ്രഹത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ്. ക്രമസമാധാന പ്രശ്നം ഉന്നയിച്ച് രാവിലെ 10 മണിക്ക് സത്യാഗ്രഹം ആരംഭിക്കാനിരിക്കെയാണ് അനുമതി നിഷേധിച്ചത്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് രാജ്ഘട്ടിൽ സത്യാഗ്രഹം നടത്താൻ തീരുമാനിച്ചത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്നായിരുന്നു അറിയിപ്പ്.
ദേശീയ നേതൃത്വം ഇന്ന് സംസ്ഥാനങ്ങളിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളിലെ സത്യാഗ്രഹം ഗാന്ധി പ്രതിമയ്ക്ക് മുന്നിലോ പ്രത്യേകം തയ്യാറാക്കിയ ഗാന്ധി ഛായാചിത്രത്തിന് മുന്നിലോ നടത്തണമെന്നാണ് എ.ഐ.സി.സി നിർദ്ദേശം. കേരളത്തിൽ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധി പാർക്കിലാണ് സത്യാഗ്രഹം നടക്കുക. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ അടക്കമുള്ള നേതാക്കൾ സത്യാഗ്രഹത്തിൽ പങ്കെടുക്കും.
അതേസമയം, യൂത്ത് കോൺഗ്രസ് നാളെ പാർലമെന്‍റിലേക്ക് മാർച്ച് നടത്തും. കേരളത്തിൽ നിന്നടക്കം നേതാക്കൾ ഉടൻ ഡൽഹിയിലെത്താൻ കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. നാളെ പാർലമെന്‍റിൽ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.