Home KERALA മനോഹരൻ്റെ മരണ കാരണം ഹൃദയാഘാതം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

മനോഹരൻ്റെ മരണ കാരണം ഹൃദയാഘാതം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണ് മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്‍റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ പാടുകളൊന്നുമില്ല. ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെ മനോഹരനെ പോലീസ് സംഘം മർദ്ദിച്ചതായി ദൃക്സാക്ഷികളുടെ മൊഴി പുറത്തുവന്നിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ കൊച്ചി പോലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി.

ഇരുമ്പനത്ത് പോലീസ് പരിശോധനാ സംഘത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് എസ്.ഐ ജിമ്മി ജോസിനെതിരെ മാത്രമാണ് നടപടിയെടുത്തത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇരുമ്പനം കർഷക കോളനിയിലെ വളവിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഹിൽ പാലസ് പോലീസ് സംഘം പരിശോധന നടത്തിയത്. സ്പെയർ പാർട്സ് കട അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മനോഹരൻ്റെ വാഹനത്തിന് ഒരു പോലീസുകാരൻ കൈകാണിക്കുകയായിരുന്നു. വാഹനം നിർത്താതെ മുന്നോട്ട് പോയ മനോഹരനെ വളവിൽ വച്ച് പോലീസ് സംഘം തടയുകയായിരുന്നു. വാഹനം നിർത്തിയ മനോഹരൻ ഹെൽമറ്റ് ഊരി ഉടനെ വാഹനം നിർത്താത്തതിനെ ചോദ്യം ചെയ്ത് മുഖത്തടിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.

ഇയാൾ മദ്യപിച്ചിരുന്നോ എന്ന് പരിശോധിച്ചപ്പോൾ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ജീപ്പിൽ ഹിൽ പാലസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അശ്രദ്ധവും അപകടകരവുമായ ഡ്രൈവിംഗിന് പിഴ ചുമത്താനാണ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു. രാത്രി 10 മണിയോടെ മനോഹരന്‍റെ മരണം സ്ഥിരീകരിച്ചു.

Also Read :   സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം; താൽക്കാലിക ബാച്ചുകളും സീറ്റുകളും അനുവദിച്ചു