മുംബൈ: രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകനെ അപമാനിച്ചുവെന്ന രൂക്ഷ വിമർശനവുമായി മുംബൈ പ്രസ് ക്ലബ്. ഇന്നലെ പാർട്ടി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ മാധ്യമപ്രവർത്തകനെ അപമാനിച്ചെന്നാണ് ആരോപണം. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സംഭവം. എംപി സ്ഥാനം നഷ്ടപ്പെടുമോ എന്നതുൾപ്പെടെ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ രാഹുൽ പ്രകോപിതനായെന്നാണ് ആരോപണം.
ബിജെപിക്കു വേണ്ടി ഇത്ര നേരിട്ട് പ്രവർത്തിക്കുന്നത് എന്തിനാണെന്നായിരുന്നു രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകനോട് ചോദിച്ചത്. ബി.ജെ.പിക്ക് വേണ്ടി ജോലി ചെയ്യുകയാണെങ്കിൽ എന്തിനാണ് മാധ്യമപ്രവർത്തകനായി തുടരുന്നതെന്നും ബി.ജെ.പിയുടെ ബാഡ്ജ് ധരിക്കാനും രാഹുൽ ഉപദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിനെ വിമർശിച്ച് പ്രസ് ക്ലബ് പ്രസ്താവന ഇറക്കിയത്.
പത്രസമ്മേളനം വിളിക്കുന്ന രാഷ്ട്രീയക്കാരോട് മാന്യമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഒരു പത്രപ്രവർത്തകന്റെ ജോലിയെന്നും ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവായ രാഹുൽ നാലാം തൂണായ പത്രപ്രവർത്തനത്തിന്റെ അന്തസ്സിന് വിരുദ്ധമായി പ്രവർത്തിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും പ്രസ് ക്ലബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക