മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ 2 വിലെ എ ആർ റഹ്മാന്റെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം. ‘വീര രാജ വീര’ എന്ന ഗാനത്തിന് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ധ്രുപദ് ഗായകൻ ഉസ്താദ് വാസിഫുദ്ദീൻ ദാഗറാണ് ആരോപണവുമായി രംഗത്തെത്തിയത്.
വാസിഫുദ്ദീനിന്റെ അച്ഛനും അമ്മാവനും (ദാഗർ ബ്രദേഴ്സ്) ചേർന്ന് പാടിയ ശിവസ്തുതി അതേ താണ്ഡവ ശെെലിയിൽ ഉപയോഗിച്ചാണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നതെന്നാണ് ആരോപണം. ഓരോ ഭാഗത്തിന്റെയും ക്രമീകരണത്തിൽ മാത്രമാണ് വ്യത്യാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഠാണ രാഗത്തിലുള്ള കോംമ്പോസിഷൻ ചെയ്തത് തന്റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീൻ ദാഗറാണെന്നും ഇത് തന്റെ പിതാവായ ഫയാസുദ്ദീൻ ദാഗറുമൊത്ത് വർഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദീൻ പറഞ്ഞു.
അതേസമയം ഈ വിഷയം ഉന്നയിച്ചുകൊണ്ട് പി എസ് ടുവിന്റെ നിർമ്മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ വാസിഫുദ്ദീന്റെ ആരോപണം മദ്രാസ് ടാക്കീസ് നിഷേധിച്ചു. ആരോപണം തെറ്റാണെന്നും പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ആണ് അവരുടെ വാദം.
13ാം നൂറ്റാണ്ടിൽ നാരായണ പണ്ഡിതാചാര്യൻ ചെയ്ത കോംമ്പോസിഷനാണ് ഇതൊന്നും അവർ വ്യക്തമാക്കി. ആലാപന ശെെലിയിൽ ആർക്കും കുത്തക അവകാശപ്പെടാൻ സാധിക്കില്ലെന്നും മദ്രാസ് ടാക്കീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക