കടൽ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ട് വളരെ നല്ലതാണ്. പ്രോട്ടീനിന്റെ കലവറയാണ് ഇവ. കൂടാതെ ശരീരകലകളെ നിർമിക്കാനും കേടുപാടുകൾ തീർക്കാനും കൂടാതെ ഹോർമോണുകളെയും എൻസൈമുകളെയും ഉൽപാദിപ്പിക്കാനും ആവശ്യമായ മാക്രോ ന്യൂട്രിയന്റ് ആയ പ്രോട്ടീൻ കടൽ വിഭവങ്ങളില്‍ ധാരാളമാണ്.
കടൽ വിഭവങ്ങളിൽ ഗുണങ്ങൾ ഒരുപാടുള്ള ഒന്നാണ് ചെമ്മീൻ. സുലഭമായി കിട്ടുന്നതും പോഷകങ്ങൾ അടങ്ങിയതുമായ ചെമ്മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ച് നോക്കാം.
∙ പോഷകങ്ങളാൽ സമ്പന്നം
വൈറ്റമിനുകളും ധാതുക്കളും ചെമ്മീനിൽ ധാരാളമായ അളവിൽ അടങ്ങിയിരിക്കുന്നു. വൈറ്റമിൻ ബി 12, സെലെനിയം, കോപ്പർ ഫോസ്ഫറസ്, കോളിൻ, തുടങ്ങിയവ ചെമ്മീനിലുണ്ട്. ഇത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താനും തലച്ചോറിന് ആരോഗ്യമേകാനും സഹായിക്കുന്നു.
∙ കുറഞ്ഞ കലോറി
ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ആഗ്രഹിക്കുന്നവർക്ക് ചെമ്മീൻ നല്ലൊരു ആഹാരമാണ്. 3 ഔൺസ് ചെമ്മീനില്‍ വെറും 84 കാലറിയെ ഉള്ളൂ. കാലറി വളരെ കുറഞ്ഞ പ്രോട്ടീൻ ധാരാളമായുള്ള ഭക്ഷണമാണ് ചെമ്മീൻ.
∙ പ്രോട്ടീനിന്റെ കലവറ
3 ഔൺസ് ചെമ്മീനിൽ 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ശരീരകലകളെ നിർമിക്കാനും കേടുപാടുകൾ തീർക്കാനും പ്രോട്ടീൻ ഉത്തമമാണ്. കൂടാതെ ചെമ്മീൻ പേശികളെ ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
∙ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ചെമ്മീനിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഇൻഫ്ലമേഷന് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പതിവായി ചെമ്മീൻ കഴിച്ചാൽ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയുമെന്ന് പഠനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക