വെറും 15 മിനിറ്റിനുള്ളിൽ ഉപയോക്താവിന്റെ ശബ്ദം ക്ലോൺ ചെയ്യുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ രംഗത്ത്. ആപ്പിൾ അവതരിപ്പിക്കുന്ന പുതിയ പേഴ്സണൽ വോയ്സ് ഫീച്ചർ ഈ വർഷാവസാനം iOS, iPad OS, Mac ഡിവൈസുകളിൽ ലഭ്യമായി തുടങ്ങും എന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഉപയോക്താവിന്റേതിന് സമാനമായ ശബ്ദം സൃഷ്ടി ക്കാനുള്ള ഏറ്റവും സുരക്ഷിതവും ലളിതവുമായ മാർഗ്ഗമാണിതെന്നാണ് ആപ്പിൾ ഈ ഫീച്ചറിനെപ്പറ്റി പറഞ്ഞിരിക്കുന്നത്. സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെടാൻ സാധ്യതയുള്ള ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ് പുതിയ ഫീച്ചർ എന്നും ആപ്പിൾ വ്യക്തമാക്കി. ALS (അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ്) അല്ലെങ്കിൽ മറ്റ് അനുബന്ധ രോഗങ്ങൾ കണ്ടെത്തിയ ആളുകൾക്ക് ആയിരിക്കും ഈ ഫീച്ചർ കൂടുതൽ ഉപയോഗപ്രദമാകുക.
സ്വന്തം ശബ്ദവുമായി വളരെ സാമ്യമുള്ള ഒരു ശബ്ദം സൃഷ്ടിക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഉപയോക്താവിന്റെ വിവരങ്ങൾ സ്വകാര്യവും സുരക്ഷിതവുമായിരിക്കും. ഉപയോക്താക്കൾക്ക് അവരുടെ ഐഫോൺ അല്ലെങ്കിൽ ഐപാഡിൽ ഏകദേശം 15 മിനിറ്റ് നേരം ക്രമരഹിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകളുടെ ഒരു പരമ്പര വായിച്ചുകൊണ്ട് അവരുടെ സ്വകാര്യ ശബ്ദത്തിന്റെ ക്ലോൺ സൃഷ്ടിക്കാനാകും. ഇത് കൂടാതെ ഫോൺ, ഫേസ്ടൈം കോളുകൾ എന്നിവയിൽ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഉപയോക്താക്കൾക്ക് മുൻകൂട്ടി ടൈപ്പ് ചെയ്ത് വെക്കാവുന്നതാണ്. പിന്നീട് ഇവ ഫോൺ തന്നെ ക്ലോൺ ശബ്ദത്തിൽ പറയുന്നതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക