മകള്‍ക്ക് വേണ്ടി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് അനുഷ്ക ശര്‍മ്മ. 2021ല്‍ ആണ് അനുഷ്ക്കയ്ക്കും വിരാട് കോലിക്കും മകള്‍ വാമിഖ ജനിച്ചത്. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം അനുഷ്ക അധികം സിനിമകള്‍ ചെയ്തിട്ടില്ല. ഇനി ഒരു വര്‍ഷം ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളു എന്നാണ് അനുഷ്ക പറയുന്നത്.
”എന്റെ മകള്‍ക്ക് എന്നെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള പ്രായമാണിത്. വിരാട് ഒരു മികച്ച പിതാവാണ്. ഒരു രക്ഷിതാവ് എന്ന നിലയില്‍ വിരാടും പാരന്റിംഗില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. പക്ഷേ അവള് ആ പ്രായത്തിലാണുള്ളത്, അവള്‍ക്ക് എന്നെ കൂടുതല്‍ ആവശ്യമുണ്ട്.”
”ഞങ്ങള്‍ അത് തിരിച്ചറിയുന്നു. അതിനാല്‍, അതിനനുസരിച്ച് മുന്നോട്ടു പോവുന്നു. ഞാന്‍ അഭിനയം ആസ്വദിക്കുന്നു. പക്ഷേ മുമ്പ് ചെയ്തതു പോലെ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യണം.”
”എനിക്ക് ഇഷ്ടമുള്ള അഭിനയം ആസ്വദിക്കണം, ജീവിതത്തെ സന്തുലിതമാക്കണം, കുടുംബത്തിന് സമയം നല്‍കണം” എന്നാണ് ഒരു പരിപാടിക്കിടെ അനുഷ്ക പറഞ്ഞത്. ഇത്ര തിരക്കുള്ള വിരാട് പോലും കുടുംബത്തിന് വേണ്ടി സമയം മാറ്റിവയ്ക്കാറുണ്ടെന്നും അനുഷ്ക പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക