ഭക്ഷണങ്ങൾക്ക് കൂടുതൽ രുചിയും മണവും നൽകാനായി പുതിന ഉപയോഗിക്കാറുണ്ട്. തണുത്ത പാനീയങ്ങളും പുതിന ഉപയോഗിച്ച് നമ്മൾ തയ്യാറാക്കാറുണ്ട്. രുചി മാത്രമല്ല പുതിനയിൽ ഒരുപാട് ആരോഗ്യഗുണങ്ങളുമുണ്ട്. പുതിനയിൽ കലോറി കുറവാണ്. എന്നാൽ വിറ്റാമിൻ എ, ഇരുമ്പ്, ഫോളേറ്റ്, മാംഗനീസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. പുതിന വെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
പുതിനയുടെ ആരോഗ്യ ഗുണങ്ങൾ എന്താണെന്ന് നോക്കാം…
പുതിന വെള്ളം മലബന്ധം തടയുകയും ശരീര താപനില നിയന്ത്രിക്കുകയും ചെയ്യുന്നു. ദിവസം മുഴുവൻ ഊർജ്ജസ്വലമായി നിലനിർത്തുന്നു.
പലരുടെയും വലിയ പ്രശ്നമാണ് വായ്നാറ്റം. പുതിന ഇല വായിലിട്ട് ചവച്ചാൽ ദുർഗന്ധം മാറും. പുതിനയിലയുടെ ഗന്ധം വായ്നാറ്റം കുറയ്ക്കാൻ സഹായിക്കും. വായ്നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും വായ ശുചിത്വം വർദ്ധിപ്പിക്കാനും പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ സഹായിക്കുന്നു.
പുതിന വെള്ളം ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ കുറയ്ക്കുന്നതിന് ഏറെ നല്ലതാണ്. പുതിനയിലെ ‘മെന്തോൾ’ സാരാംശം ശ്വസനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഇവയ്ക്ക് മുഖക്കുരുവിനെ തടയാനുള്ള കഴിവുണ്ടെന്നും വിദഗ്ധര്‍ പറയുന്നു
മാനസികാവസ്ഥ മെച്ചപ്പെടുത്താനും പുതിന സഹായിക്കുന്നു. രാത്രിയിൽ പുതിന ചായ/വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും അമിതമായ ചിന്തകൾ കുറയ്ക്കാനും സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു. ഐബിഎസ്, മുഖക്കുരു, ഹോർമോൺ അസന്തുലിതാവസ്ഥ, ചുമ, ജലദോഷം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കും പുതിന വെള്ളം പ്രത്യേകിച്ചും ഗുണം ചെയ്യും.
പുതിനയിലയിൽ ഫോസ്ഫറസ്, കാൽസ്യം എന്നിവയും ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന സി, ഡി, ഇ, എ തുടങ്ങിയ വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ ഏതെങ്കിലും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും അതുവഴി ഏതെങ്കിലും വിട്ടുമാറാത്ത രോഗത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ശ്വസനപ്രക്രിയയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഒഴിവാക്കാനും സാഹിയിക്കുമെന്ന് ആയൂര്‍വേദ്ദം പറയുന്നു. അതിനാല്‍ ആസ്ത്മ രോഗികള്‍ പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക