ലോക വിശപ്പുദിനം പ്രമാണിച്ച് തമിഴ്നാട്ടിലെ അശരണർക്ക് സൗജന്യഭക്ഷണം നൽകാനൊരുങ്ങി നടൻ വിജയിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം രംഗത്ത്. 28-നാണ് സംസ്ഥാനത്തുടനീളം ഭക്ഷണവിതരണം നടത്തുകയെന്ന് സംഘടന വെള്ളിയാഴ്ച പ്രഖ്യാപിച്ചു. വിജയിന്റെ രാഷ്ട്രീയപ്രവേശനത്തിലേക്കുള്ള ചുവടുവെപ്പാണ് ഇതെന്നാണ് പൊതുവേ വിലയിരുത്തുന്നത്.
സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെ ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും ഞായറാഴ്ച രാവിലെ 11 മുതലാണ് ഭക്ഷണം വിളമ്പുകയെന്ന് വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്ലി എൻ. ആനന്ദ് പറഞ്ഞു. കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലും സൗജന്യഭക്ഷണം വിതരണമുണ്ടാകുമെന്നും ആനന്ദ് അറിയിച്ചു.
ഒരുവർഷത്തിനകം വിജയ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. 2026-ഓടെ വിജയ് രാഷ്ട്രീയത്തിൽ സജീവമാകുമെന്നും റിപ്പോർട്ടുകളുണ്ട്. 2011-ൽ ഡൽഹിയിൽ അഴിമതിക്കെതിരായ അണ്ണ ഹസാരെയുടെ നിരാഹാരത്തിൽ വിജയ് പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക