ചൂടുകാലമായതിനാല്‍, സൂര്യപ്രകാശവും നട്ടുച്ചവെയിലുമൊക്കെ ശരീരത്തിന് ഏല്പിക്കുന്ന ദോഷങ്ങളെപ്പറ്റി മാത്രമാണ് നാം ഇപ്പോഴും കേൾക്കാറുള്ളത്. എന്നാല്‍, കൃത്യമായ അളവില്‍ ഇളംവെയില്‍ കൊള്ളുന്നതിന്റെ ശാരീരികനേട്ടങ്ങളെപ്പറ്റി നാം അറിയാതെ പോകരുത്. അതുകൊണ്ടാണ് ഇടയ്ക്കൊക്കെ ഇളം വെയിൽ കൊള്ളാൻ ഡോക്ടര്‍മാരൊക്കെ നിര്‍ദേശിക്കുന്നത്.
അതി രാവിലെ 10 മുതല്‍ 20 മിനിട്ട് വരെ സൂര്യപ്രകാശമേല്‍ക്കുന്നതാണ് ഏറ്റവും ഉചിതം. എന്നാല്‍, ഓരോരുത്തരുടേയും ചര്‍മത്തിന്റെ ആരോഗ്യസ്ഥിതി അനുസരിച്ച് മാത്രമേ ഇതിന് മുതിരാവൂ.
ഏറ്റവും പ്രധാനപ്പെട്ട ഗുണം ശരീരത്തിന് ആവശ്യമായ വിറ്റമിന്‍-ഡി നമുക്ക് ലഭിക്കുന്നു. വിറ്റമിന്‍-ഡി യുടെ ഏറ്റവും പ്രധാന സ്രോതസ്സ് സൂര്യപ്രകാശമാണ്. സൂര്യപ്രകാശമേല്ക്കുമ്പോള് ശരീരം വിറ്റമിൻ-ഡി ഉത്പാദിപ്പിക്കും. എല്ലിന്റെയും പല്ലിന്റെയുമൊക്കെ വികസനത്തിനാവശ്യമായ കാല്‍സ്യം ശരീരത്തിന് വലിച്ചെടുക്കാന്‍ വിറ്റമിന്‍-ഡി ആവശ്യത്തിനുണ്ടെങ്കില്‍ മാത്രമേ സാധ്യമാകു.
നമ്മുടെ മൂഡ് നന്നാക്കുന്നതില്‍ വിറ്റമിന്‍-ഡിക്ക് പ്രധാനപ്പെട്ട റോളുണ്ട്. വിഷാദവും ഉത്കണ്ഠയുമകറ്റാനും ഇത് സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്. തലച്ചോറിലെ സ്വാഭാവിക ആന്റി-ഡിപ്രസന്റുകളുടെ അളവ് കൂട്ടാന്‍ സൂര്യപ്രകാശത്തിന് കഴിയുമെന്നാണ് കരുതുന്നത്.
രാത്രിയില്‍ നല്ല ഉറക്കം കിട്ടാൻ രാവിലത്തെ വെയില് സഹായിക്കുമെന്നാണ് റിപ്പോർട്ട്. ദിവസം മുഴുവനും നല്ല ഉന്മേഷം ലഭിക്കാന്‍ സൂര്യപ്രകാശം സഹായിക്കും. നമ്മുടെ എനര്‍ജി ഹോര്‍മോണുകളെ ഇവ ഉത്തേജിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക