ന്യൂഡൽഹി: സാമൂഹികമാധ്യമമായ ട്വിറ്റർ ഏറ്റവുമധികം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. പട്ടികയിൽ ഇന്ത്യ മൂന്നാംസ്ഥാനത്ത്. രണ്ടുകോടി 73 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് ട്വിറ്റർ ഉപയോക്താവായി ഉള്ളത്. ഒമ്പതുകോടി 54 ലക്ഷം ഉപഭോക്താക്കളുള്ള അമേരിക്ക ഒന്നാം സ്ഥാനത്തും ആറുകോടി 75 ലക്ഷം ഉപഭോക്താക്കളുള്ള ജപ്പാന് രണ്ടാംസ്ഥാനവുമാണ്.
ലോകത്ത് 45 കോടിയോളം ആളുകളാണ് ട്വിറ്റർ ഉപയോഗിക്കുന്നത്. 25 മുതൽ 34 വയസ്സിനിടയിലുള്ളവർക്കിടയിലാണ് ട്വിറ്ററിന് ഏറെ പ്രീതി.
കണക്കുകളനുസരിച്ച് ലോകത്ത് ജനപ്രീതി നേടിയ സാമൂഹികമാധ്യമങ്ങളുടെ പട്ടികയിൽ പതിനാലാം സ്ഥാനത്താണ് ട്വിറ്റർ ഉള്ളത്. ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള വ്യക്തികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോളതലത്തിൽ എട്ടാമതും ഇന്ത്യയിൽ ഒന്നാമതുമാണ്. 88 ലക്ഷത്തോളം ആളുകളാണ് മോദിയെ പിന്തുടരുന്നത്. ഇന്ത്യയിലെ 1.9 ശതമാനം ആളുകൾമാത്രമാണ് ട്വിറ്റർ ഉപയോഗിക്കുന്നതെന്നാണ് ഇതിൽ ശ്രദ്ധേയമായ കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക