സാമൂഹിക മാധ്യമങ്ങളിലൂടെ മുൻ കാമുകിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പങ്കുവെച്ച മലയാളിയായ ബൈക്ക് റേസിംഗ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിൽ നിന്നാണ് തൃശ്ശൂർ സ്വദേശിയായ ആൽഡ്രിൻ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമാണ് കോയമ്പത്തൂർ സ്വദേശിയായ യുവതി തന്റെ പേരിൽ ഉള്ള വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നതായി കാണിച്ച് കോയമ്പത്തൂർ പോലീസിനെ സമീപിച്ചത്. ഐപി അഡ്രസ്സ് പിന്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോർഫ് ചെയ്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തത് ആൻഡ്രിന്റെ മൊബൈലിൽ നിന്നാണെന്ന് കണ്ടെത്തിയത്. ഇയാളുടെ മൊബൈൽഫോണും ലാപ്ടോപ്പും കണ്ടെത്തിയെന്നും പ്രതി കുറ്റം സമ്മതിച്ചു എന്നും പോലീസ് അറിയിച്ചു.
തൃശ്ശൂർ സ്വദേശിയായ ആൾഡ്രിൻ ബാബു ദേശീയതലത്തിലെ മോട്ടോർസൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പുകളിലെ സ്ഥിര സാന്നിധ്യമാണ്.
ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിൽ രണ്ടുവർഷം മുൻപാണ് ആൽഡ്രിനും കോയമ്പത്തൂർ സ്വദേശിയായ യുവതിയും വേർപിരിഞ്ഞത്.
ബന്ധം തുടരണമെന്ന നിരന്തരമായ ആൻഡ്രിന്റെ ആവശ്യം യുവതി അംഗീകരിക്കാത്തതിനെ തുടർന്നാണ് സമൂഹമാധ്യമങ്ങളിലൂടെ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇയാൾ പ്രചരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക