മണിപ്പൂരിലെ നാല് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ഖാഷിം വഷും. ഉഖ്രുള്‍, ചന്ദേല്‍, തമെങ്ലോങ്, സേനാപതി എന്നീ നാല് ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉടന്‍ പുനസ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉഖ്രുളില്‍ നടന്ന ഒരു ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നാല് ജില്ലകളുടെ ആസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മൊബൈല്‍ ടവറുകള്‍ തുറക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നാല് ജില്ലകളും നാഗ ഭൂരിപക്ഷ പ്രദേശങ്ങളാണ്. മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപം ബാധിക്കാത്ത ജില്ലയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ആറ് മാസമായി സംസ്ഥാനത്ത് നടക്കുന്ന വംശീയ കലാപം ബാധിക്കപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് മണിപ്പൂര്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മണിപ്പൂര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ എട്ട് വരെ നീട്ടിയതിന് പിന്നാലെയായിരുന്നു കോടതിയുടെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക