ചിക്കു എന്ന് വിളിപ്പേരുള്ള സപ്പോട്ട ശരീരത്തിന് വേണ്ട ഊര്‍ജ്ജവും ഉന്മേഷവും നല്കുന്ന പഴമാണ്. വിറ്റാമിന്‍ എ, ബി, സി, അയേണ്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ സപ്പോട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ സപ്പോട്ട പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ സപ്പോട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. സപ്പോട്ടയിലടങ്ങിയ ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയവ ശരീരത്തിന് ഊര്‍ജ്ജമേകുന്നു. അതുപോലെ സപ്പോട്ടയിലടങ്ങിയ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും.
സപ്പോട്ടയില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. സപ്പോട്ടയില്‍ വിറ്റാമിന്‍ എ ധാരാളം ഉണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ എ, ബി, സി എന്നിവയും ആന്റി ഓക്സിഡന്റുകളും സപ്പോട്ടയില്‍ ധാരാളം ഉണ്ട്. അതിനാല്‍ സപ്പോട്ട പതിവായി കഴിക്കുന്നത് ചില ക്യാന്‍സറുകളുടെ സാധ്യത കുറച്ചേക്കാം.
ഇരുമ്പ് ധാരാളം അടങ്ങിയതിനാല്‍ വിളര്‍ച്ചയെ തടയാനും സപ്പോട്ട കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ സപ്പോട്ട കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ സപ്പോട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക