ന്യൂഡൽഹി: 2026-ഓടെ ഇന്ത്യയിൽ ഓൾ-ഇലക്ട്രിക് എയർ ടാക്സി എത്തും. ഇന്റർഗ്ലോബ് എന്റർപ്രൈസസും യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻസും ചേർന്നാണ് പദ്ധതിയൊരുക്കുന്നത്.
രാജ്യത്തെ പ്രമുഖ എയർലെെൻ കമ്പനിയായ ഇൻഡിഗോയുടെ പാരന്റ് കമ്പനികളിലൊന്നാണ് ഇന്റർഗ്ലോബ് എന്റർപ്രൈസസ്. പദ്ധതി നടപ്പാക്കണമെങ്കിൽ അധികൃതരുടെ അനുമതി ആവശ്യമാണ്.
ജനസംഖ്യയിൽ മുൻപിൽനിൽക്കുന്ന രാജ്യത്ത് വർധിച്ചുരുന്ന ഗതാഗത ആവശ്യങ്ങൾ മുതലെടുക്കാനാണ് കമ്പനികളുടെ ശ്രമം. ചെലവ് കുറഞ്ഞ രീതിയിൽ പദ്ധതി രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഇരു കമ്പനികളും വ്യാഴാഴ്ച അറിയിച്ചു.
പൈലറ്റടക്കം അഞ്ച് യാത്രക്കാർക്ക് 160 കിലോമീറ്ററോളം ദൂരം യാത്ര ചെയ്യാനാകുന്ന രീതിയിലാണ് ‘മിഡ്നൈറ്റ്’ ഇ-വിമാനങ്ങൾ സജ്ജമാക്കുന്നത്.
ആദ്യഘട്ടത്തിൽ ഡൽഹി, മുംബെെ, ബെംഗളൂരു എന്നിവിടങ്ങളിലായി 200 വിമാനങ്ങൾ സർവീസ് നടത്തും. കാറിൽ 60 മുതൽ 90 മിനിറ്റ് വരെ സമയം എടുക്കുന്ന യാത്രയ്ക്ക് എയർ കാറിൽ ഏഴ് മിനിറ്റ് മതിയാകുമെന്നാണ് കമ്പനികളുടെ വാദം.
ചരക്ക്, മെഡിക്കൽ, എമർജൻസി, ചാർട്ടർ സേവനങ്ങൾക്കും ഇ-വിമാനം ഉപയോഗിക്കാൻ ഇന്റർഗ്ലോബ് എന്റർപ്രൈസസ് ലക്ഷ്യമിടുന്നുണ്ട്. ഒക്ടോബറിൽ യു.എ.ഇയിൽ എയർ ടാക്സി സർവീസ് ആരംഭിക്കുമെന്ന് ആർച്ചർ ഏവിയേഷൻസും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക