ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു രചന സംവിധാനവും ചെയ്യുന്ന ‘അദൃശ്യ ജാലകങ്ങൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
രാധികാ ലാവു നയിക്കുന്ന എല്ലനാര്‍ ഫിലിംസും നവീൻ യേർനേനി, വൈ രവിശങ്കർ, എന്നിവർ നേതൃത്വം നൽകുന്ന മൈത്രി മൂവി മേക്കേഴ്സും, ടോവിനോ തോമസ് പ്രൊഡക്ഷൻസിന് വേണ്ടി ടോവിനോ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയശ്രീ ലക്ഷ്മിനാരായണനാണ് അസോസിയേറ്റ് പ്രൊഡ്യൂസർ, ക്രിസ് ജെറോം, അനിന്ധ്യ ദാസ് ഗുപ്ത എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരും. മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കെജ് ആണ് ചിത്രത്തിന്റെ സംഗീതം.
എസ്തോണിയയിൽ നടക്കുന്ന പ്രശസ്തമായ 27-ാമത് ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (പി.ഒ.എഫ്.എഫ്)വച്ചായിരിക്കും ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടക്കുക. മേളയുടെ ഔദ്യോഗിക മത്സര വിഭാഗത്തിൽ വേൾഡ് പ്രീമിയർ നടത്തുന്ന ആദ്യ മലയാള ചിത്രമായിരിക്കും ‘അദൃശ്യ ജലകങ്ങൾ’.
ഈ വർഷം മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും ഇതാണ്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ (എഫ്.ഐ.എ.പി.എഫ്) അംഗീകാരമുള്ള 15 എ-ലിസ്റ്റ് ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് ടാലിൻ ഫിലിം ഫെസ്റ്റിവൽ.നവംബർ 3 മുതൽ 17 വരെയാണ് മേള നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക