എറണാകുളം: ആലുവയില്‍ 5 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഈ മാസം 14ന് പ്രഖ്യാപിക്കും. കേസിൽ വാദം പൂര്‍ത്തിയായി. പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ. വധശിക്ഷയ്ക്ക് പര്യാപ്തമായ കുറ്റങ്ങളാണ് പ്രതിക്കെതിരെയുള്ളതെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. പ്രതിയ്ക്ക് 28 വയസാണെന്നുള്ളത് വധശിക്ഷ നല്കാൻ തടസമല്ല.
2018 ലാണ് ഇയാള്‍ക്കെതിരെ ആദ്യ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ആ വര്‍ഷം ജനിച്ച മറ്റൊരു കുഞ്ഞിനെയാണ് ഇയാള്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പ്രതി കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. അത്യന്തം മനുഷ്യത്വ വിരുദ്ധമായാണ് മൃതദേഹം മറയ്ക്കാന്‍ ശ്രമിച്ചതെന്നും തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുട്ടികള്‍ക്ക് കുട്ടികളായി വളരാനുള്ള സാഹചര്യമാണ് ഈ കുറ്റകൃത്യം ഇല്ലാതാക്കുന്നത്.
പ്രതി പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്നും ആസൂത്രിതമായ ക്രൂര കൊലപാതകമാണ് നടന്നതെന്നും പ്രോസിക്യൂഷന് വാദിച്ചു. അതേസമയം, ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുൻപ് പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒപ്പമുള്ളവരെ വെറുതെ വിട്ടുവെന്നും അതിനാല്‍ തന്നെയും വെറുതെ വിടണമെന്നുമാണ് പ്രതി മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക