കേരളത്തിലെ കാലാവസ്ഥയനുസരിച്ച് പ്രധാനമായും ഏപ്രിൽ, മെയ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് പ്രധാനമായും പാവൽ നടാൻ ഉത്തമം. ഈ സമയത്ത് കീടശല്യം വളരെ കുറവായിരിക്കും. മാത്രവുമല്ല നല്ല നീളമുള്ള പാവയ്‌ക്കകൾ ലഭിക്കാനും ഈ സമയത്ത് കൃഷി ചെയ്യുന്നതാണ് ഉത്തമം.
പാവൽക്കൃഷിയുടെ രീതികൾ പരിചയപ്പെടാം:
പ്രീതി, പ്രിയ, പ്രിയങ്കാ, എന്നീ ഇനങ്ങളാണ് ഉല്പാദനശേഷി കൂടിയ വിത്തിനങ്ങൾ. ഇവ കേരളത്തിലെ കാലാവസ്ഥയ്‌ക്ക് അനുയോജ്യമാണ്.
60 സെന്റീമീറ്റർ നീളത്തിലും 30 സെന്റീമീറ്റർ താഴ്ചയുള്ള കുഴികളാണ് എടുക്കേണ്ടത്. കുഴി തയ്യാറാക്കിയശേഷം നൂറു ഗ്രാം കുമ്മായപ്പൊടി ചേർത്തു രണ്ടാഴ്ച കുഴി വെറുതെ ഇടണം. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് വേണം പാവൽ നടാൻ.
രണ്ടാഴ്ചയ്‌ക്കുശേഷം 100 ഗ്രാം എല്ലുപൊടി, 100 ഗ്രാം വേപ്പിൻ പിണ്ണാക്ക്, 10ഗ്രാം വാം, 10 ഗ്രാം ഫോസ്ഫോ ബാക്ടീരിയ എന്നിവ 10 കിലോഗ്രാം ചാണകപ്പൊടിയിൽ യോജിപ്പിച്ച് മേൽമണ്ണുമായി യോജിപ്പിച്ച് കുഴിയുടെ മുക്കാൽ ഭാഗത്തോളം നിറയ്‌ക്കാവുന്നതാണ്.
24 മണിക്കൂർ വിത്ത് വെള്ളത്തിൽ കുതിർത്തു സ്യൂഡോമൊണാസ് ലായനിയിൽ മുക്കി നട്ടാൽ നല്ല രോഗപ്രതിരോധശേഷി കിട്ടുന്നതാണ്. സാധാരണ ഒരു കുഴിയിൽ അഞ്ചു വിത്താണ് നടേണ്ടത്. കിളിർത്തു കഴിയുമ്പോൾ കരുത്തോടെ വളരുന്ന മൂന്ന് തൈകൾ നിലനിർത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക