KERALA

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 131 പേർക്ക് രോഗ മുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 18, എറണാകുളം 12, കാസര്‍ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

ഡോക്ടേഴ്സ് ഡേയില്‍ ആശംസകളര്‍പ്പിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. ഇന്ന് ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ അടിത്തറ. ലോകത്തിന്റെ നാനാഭാഗത്തും ജീവന്‍ ബലികൊടുത്താണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് പ്രവാസികള്‍ തിരിച്ച്‌ വന്നതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ സമ്ബര്‍ക്കവും മരണവും വലുതായി വര്‍ധിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും രോഗവ്യാപനം ചെറുക്കാന്‍ മുന്നില്‍ നില്‍ക്കും- മുഖ്യമന്ത്രി പറഞ്ഞു.

ഡോ ബി സി റോയിയുടെ ജന്മദിനമാണ് ഇന്ത്യയില്‍ ഡോക്ടേര്‍സ് ദിനം. മനുഷ്യരാശിയുടെ രക്ഷയ്‌ക്ക് ആത്മാര്‍പ്പണം ചെയ്യുന്നവരാണ് ഈ ദിവസം ആദരിക്കപ്പെടുന്നത്. കേരളത്തിന്റെ ആരോഗ്യസംവിധാനം ലോകനിലവാരത്തിലേക്ക് എത്തുന്നതില്‍ ഡോക്ടര്‍മാരുടെ പങ്ക് വലുതാണ്. കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ കീര്‍ത്തിയുടെ പങ്ക് ഡോക്ടര്‍മാര്‍ക്ക് അവകാശപ്പെട്ടതാണെന്നും ഈ മഹാമാരിയെ ചെറുക്കുന്നതില്‍ ലോകരാജ്യങ്ങളെ സഹായിക്കുന്നത് അവിടുത്തെ മലയാളി ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരാണെന്നതില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ കൊവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ രോഗമുക്തരായി കണക്കാക്കി ആശുപത്രിയില്‍ നിന്ന് മാറ്റാറുണ്ടായിരുന്നുള്ളൂ. ഈ ചട്ടം മാറ്റി, ഒരു തവണ കൊവിഡ് നെഗറ്റീവായാല്‍ത്തന്നെ രോഗമുക്തരായതായി കണക്കാക്കി വീട്ടിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. പിന്നീട് ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. അതിന് ശേഷം എന്തെങ്കിലും തരത്തില്‍ അസുഖം മൂര്‍ച്ഛിക്കുന്ന സ്ഥിതി വന്നാല്‍ മാത്രമേ ആശുപത്രിയിലേക്ക് മാറ്റൂ.

Leave a Comment