AUTOMOBILE

മാരുതി സുസുക്കി ബലേനോ 5,887 യൂണിറ്റുകളുമായി മുന്നേറുന്നു

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളിൽ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്കായ മാരുതി സുസുക്കി ബലേനോ 5,887 യൂണിറ്റുകളുമായി മുന്നേറുന്നു. മാത്രമല്ല ബലേനോയ്‌ക്ക് 32 ശതമാനം വിപണി വിഹിതമാണ് ഈ ശ്രേണിയിൽ ഉള്ളത് എന്നതും ശ്രദ്ധേയമാണ്.

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗം മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയും രാജ്യത്തെ മൊത്തത്തിലുള്ള പാസഞ്ചർ വാഹന വിൽപ്പനയിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഏകദേശം 18,304 പ്രീമിയം ഹാച്ച്ബാക്ക് യൂണിറ്റുകളാണ് കമ്പനികൾ വിറ്റഴിച്ചത്.

യൂട്ടിലിറ്റി വെഹിക്കിൾ നിർമാതാക്കളിൽ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്കായ ടാറ്റ ആൾ‌ട്രോസ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 4,483 യൂണിറ്റ് വിൽ‌പനയുമായി രണ്ടാം സ്ഥാനത്തെത്തി. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ആൾട്രോസിന്റെ വിപണി വിഹിതം 24 ശതമാനമാണ്.

ഇതേ കാലയളവിൽ ഹ്യുണ്ടായി 3,596 യൂണിറ്റ് എലൈറ്റ് i20 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. അതുവഴി ഈ വിഭാഗത്തിലെ മൂന്നാം സ്ഥാനം കൊറിയൻ വാഹനം സ്വന്തമാക്കി. ഈ മോഡലിന് പ്രീമിയം ബാച്ച്ബാക്ക് വിഭാഗത്തിൽ 20 ശതമാനം വിപണി വിഹിതമുണ്ട്.

നിലവിൽ ശ്രേണി ഭരിക്കുന്നത് മാരുതി ബലേനോ ആണെങ്കിലും ടാറ്റ ആൾട്രോസ് അടുത്തിടെയായി ഏറെ ശ്രദ്ധപിടിച്ചു പറ്റുന്നുണ്ട്. കൂടാതെ പുതുതലമുറ ഹ്യുണ്ടായി i20 ഉടൻ നിരത്തിൽ എത്തുന്നതോടു കൂടി ഈ വിഭാഗത്തിലെ മത്സരം കടുക്കും എന്നതിൽ സംശയമൊന്നും വേണ്ട.

Leave a Comment