KERALA

തദ്ദേശ തെരഞ്ഞെടുപ്പ്; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് അതത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. മുനിസിപ്പൽ കൗൺസിലുകളിൽ കമീഷൻ നിയോഗിച്ചിട്ടുള്ള വരണാധികാരികളാണ് പ്രതിജ്ഞ ചെയ്യിപ്പിക്കുന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ അംഗം/ കൗൺസിലർ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ എടുക്കണം. ഇദ്ദേഹമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുന്നത്.

ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ രാവിലെ 10ന് സത്യപ്രതിജ്ഞാ നടപടികൾ ആരംഭിക്കും. ചടങ്ങുകൾക്ക് ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും ബ്ലോക്ക് പഞ്ചായത്തുകളിൽ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണർമാരും മുനിസിപ്പാലിറ്റികളിൽ അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തിൽ കലക്ടറുമാണ് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുക. ചടങ്ങുകൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന്റെ പൊതു മേൽനോട്ടം അതത് കലക്ടർമാർക്കായിരിക്കും. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടൻ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും.

Leave a Comment