LATEST NEWS

‘അവന്‍ വളരെ സമര്‍ത്ഥനായ വ്യക്തിയാണ്, അവന്റെ കണ്ണുകള്‍ കണ്ടാല്‍ തന്നെ നമ്മള്‍ മയങ്ങിപ്പോകും. മാസ്മരികമായ കണ്ണുകളുള്ളവനാണ് ഫഹദ്, ഞാന്‍ അവന്റെ വലിയ ആരാധകനാണ്’: വിനീത്

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച ഐ.വി ശശിയുടെ ‘ഇടനിലങ്ങള്‍’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് വിനീത് സിനിമ രംഗത്ത് കടന്നു വന്നത്.

തന്റെ വിനോദം സിനിമകള്‍ കാണലാണെന്നും, ഫഹദ് ഫാസിലിന്റെ സി യൂ സൂണ്‍ എന്ന സിനിമ കണ്ട് ഫഹദിനെ കോണ്‍ടാക്ട് ചെയ്തിരുന്നുവെന്നും പറയുകയാണ് വിനീത്. കാന്‍ ചാനല്‍ മീഡിയയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”സിനിമകള്‍ കാണുന്നതാണ് എന്റെ വിനോദം. പണ്ട് സ്‌പോര്‍ട്‌സും ഉണ്ടായിരുന്നു. സംഗീതം, നൃത്തം, സിനിമ, പുസ്തകങ്ങള്‍ എന്നതിലൊക്കെയാണ് എനിക്ക് താല്‍പ്പര്യമുള്ളത്. ഇന്റര്‍നാഷണല്‍ സിനിമകളും, നമ്മുടെ മലയാള സിനിമകളും ഞാന്‍ കാണും. ഒന്ന് പോലും വിടാതെ, കഴിയുന്നത്ര സിനിമകളും ഞാന്‍ കാണാറുണ്ട്. തിയേറ്ററുകളില്‍ അല്ലെങ്കിലും എങ്ങനെയെങ്കിലും ഒ.ടി.ടിയില്‍ ഞാന്‍ കാണും. മിന്നല്‍ മുരളി, ഭൂതകാലം, തുടങ്ങിയ സിനിമകള്‍ ഞാന്‍ അടുത്തിടെ കണ്ടിരുന്നു. ഇനിയും ഒരുപാട് സിനിമകള്‍ കാണാന്‍ ബാക്കിയുണ്ട്.

സിനിമകള്‍ കണ്ട് കഴിഞ്ഞാല്‍ അതിലെ മിക്ക ആളുകളെയും ഞാന്‍ വിളിക്കാറുണ്ട്. എനിക്ക് നല്ല പോലെ അറിയുന്ന ആളുകളെ ഞാന്‍ അപ്പോള്‍ തന്നെ വിളിക്കാളാറുണ്ട്. ജോജി കണ്ടിട്ട് ഞാന്‍ ഷാനുവിനെ (ഫഹദ് ഫാസില്‍) കോണ്‍ടാക്ട് ചെയ്തിരുന്നു. ഷാനുവിന് ഇ-മെയിലാണ് ചെയ്തത്. കാരണം, പുള്ളിയെ ഫോണില്‍ ചിലപ്പോള്‍ കിട്ടാറില്ല. അവന്‍ നമ്പര്‍ മാറ്റിക്കൊണ്ടിരിക്കും. അവന് ഒരു പ്രൈവറ്റ് ഇമെയില്‍ ഐഡി ഉണ്ട്. ഞാന്‍ അതിലേക്ക് മെസേജ് അയച്ചിരുന്നു,” വിനീത് പറഞ്ഞു.

ഫഹദ് ഫാസിലിന്റെ അഭിനയ മികവിനെ കുറിച്ചും താരം പറയുന്നുണ്ട്.

” എനിക്ക് ഷാനുവിനെ ചെറുപ്പം മുതല്‍ തന്നെ അറിയാം. പാച്ചിക്കയുടെ (സംവിധായകന്‍ ഫാസില്‍) കൂടെ മാനത്തെ വെള്ളിത്തേര് എന്ന സിനിമ ചെയ്യുമ്പോള്‍ മുതല്‍ അവനെ അറിയാം. അവന്‍ വളരെ സമര്‍ത്ഥനായ വ്യക്തിയാണ്. അവന്റെ കണ്ണുകള്‍ കണ്ടാല്‍ തന്നെ നമ്മള്‍ മയങ്ങിപ്പോകും. മാസ്മരികമായ കണ്ണുകളുള്ളവനാണ് ഫഹദ്. ഒരു നടനെ സംബന്ധിച്ചിടത്തോളം ആ കണ്ണുകള്‍ ഒരു അനുഗ്രഹമാണ്. വെറും കണ്ണ് കൊണ്ട് അഭിനയിക്കുന്ന വ്യക്തിയാണ് ഫഹദ്. അതായത് രൂപമാറ്റമില്ലാതെ കണ്ണുകള്‍ കൊണ്ട് കഥാപാത്രങ്ങളായി മിന്നി മാറുന്ന ഒരു അപൂര്‍വ്വ സിദ്ധി ഫഹദിനുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

അവന്‍ അവന്റെ വസ്ത്ര ധാരണയില്‍ മാറ്റം വരുത്താറില്ല. അവന്റെ ശരീരഭാഷ കൊണ്ടും കണ്ണുകള്‍ കൊണ്ടുമാണ് അവന്‍ അഭിനയിക്കുന്നത്. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സിനിമയിലെ കള്ളനും, ടേക്ക് ഓഫിലെ ഓഫീസറും, ജോജിയിലെ കഥാപാത്രവും ചെയ്തത് ഒരാളാണ്. ഇത് പോലുള്ള കഥാപാത്രമായി മാറുക എന്നുള്ളത് ഫഹദിന്റെ ഒരു അപാര കഴിവാണ്. അത് ഞാന്‍ എന്നും അത്ഭുതത്തേടെ കണ്ട് നിന്നിട്ടുണ്ട്. ഞാന്‍ ഷാനുവിന്റെ വലിയ ആരാധകനാണ്,” വിനീത് കൂട്ടിച്ചേര്‍ത്തു.

Leave a Comment