Categories: LATEST NEWS NEWS INTERNATIONAL

പ്രശസ്ത ട്രാൻസ് എയർഹോസ്റ്റസ് കെയ്ലെയ്ഗ് സ്കോട്ട് ആത്മഹത്യ ചെയ്ത നിലയിൽ

കൊളറാഡോ: യുണൈറ്റഡ് എയർലൈൻസിന്റെ പരസ്യത്തിലൂടെ പ്രശസ്തയായ ട്രാൻസ്-എയർഹോസ്റ്റസ് കെയ്ലെയ്ഗ് സ്കോട്ട് ആത്മഹത്യ ചെയ്തു. അമ്മ ആൻഡ്രിയ സിൽവെസ്ട്രോയാണ് മരണവാർത്ത ലോകത്തെ അറിയിച്ചത്. 25 കാരിയായ സ്കോട്ടിനെ കൊളറാഡോയിലെ വീട്ടിൽ തിങ്കളാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

“ഞാൻ ഭൂമിയോട് വിടപറയുകയാണ്. ഞാൻ കാരണം നിരാശരായവരോട് ക്ഷമ ചോദിക്കുന്നു. ഒരു മികച്ച വ്യക്തിയാകാനോ ശക്തയാകാനോ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. ഞാൻ ഈ ലോകം വിടുന്നത് നിങ്ങൾ കാരണമല്ല, മറിച്ച് എന്നെ ഒരു മികച്ച വ്യക്തിയാക്കാനുള്ള എന്റെ കഴിവില്ലായ്മ മൂലമാണെന്ന് മനസ്സിലാക്കുക.” – ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റിൽ കെയ്ലെയ്ഗ് സ്കോട്ട് പറഞ്ഞു. സ്കോട്ടിനെ ഒരു വിജയിയായി മാത്രം കണ്ട ലോകം വിങ്ങലോടെയാണ് ഈ കുറിപ്പ് വായിച്ചത്.

സ്കോട്ട് അവസാനമായി പങ്കിട്ട വികാരനിർഭരമായ കുറിപ്പിൽ, തന്റെ പ്രിയപ്പെട്ട എല്ലാവരുടെയും പേരുകൾ പരാമർശിക്കുന്നുണ്ട്. അവരോടൊപ്പമുള്ള ഓർമ്മകൾ താൻ എല്ലായ്‌പ്പോഴും ഓർക്കുമെന്നും അടുത്ത ജന്മത്തിൽ വീണ്ടും കണ്ടുമുട്ടാമെന്നും കുറിപ്പിൽ പറയുന്നു. സ്കോട്ടിന്റെ ആത്മഹത്യയിൽ യുണൈറ്റഡ് എയർലൈൻസ് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.

Leave a Comment