Categories: LATEST NEWS KERALA THIRUVANANTHAPURAM NEWS POLITICS

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എൻ ഭാസുരാംഗനെ പുറത്താക്കി സിപിഐ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ എൻ ഭാസുരാംഗനെതിരെ നടപടി. ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. ജില്ലാ എക്‌സിക്യൂട്ടീവാണ് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ഗൗരവമുള്ള വിഷയമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് നേതാക്കള്‍ പ്രതികരിച്ചു.

ഗൗരവമായ സാഹചര്യമെന്നാണ് പാർട്ടി വിലയിരുത്തൽ. നേരത്തെ സിപിഐയുടെ അന്വേഷണത്തിൽ അഴിമതി ആരോപണം വ്യക്തമായിരുന്നു. കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നേരത്തെ നിർദേശിച്ചിരുന്നു. ആരോപണത്തിന് പിന്നാലെ ഭാസുരാംഗനെ പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും പ്രാഥമികാംഗത്വത്തിലേക്ക് തരംതാഴ്‌ത്തിയിരുന്നു. കുറച്ചുകൂടി ഗൗരവമായ സാഹചര്യമാണെന്ന് വിലയിരുത്തിയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്.

അതേസമയം, ഭാസുരാംഗന്റെ വീട്ടിൽ ഇ.ഡി പരിശോധന 27 മണിക്കൂർ പിന്നിട്ടു. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് ഭാസുരാംഗന്റെയും സെക്രട്ടറിമാരുടെയും വീടുകളിൽ ഉൾപ്പെടെ ഏഴിടത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന തുടങ്ങിയത്.

Leave a Comment