Categories: KERALA LATEST NEWS NEWS MALAPPURAM

“മധുരം കുറച്ചൊരു ചായ എടുക്കട്ടെ”; മാർച്ച് ഒന്നു മുതൽ ഹോട്ടലുകളിൽ മധുരം, ഉപ്പ്, ഓയിൽ എന്നിവ പരമാവധി കുറച്ചുള്ള ഭക്ഷണങ്ങൾ ലഭ്യമാക്കും; മലപ്പുറം ജില്ലാ കളക്ടർ

മാർച്ച് ഒന്നു മുതൽ മലപ്പുറം ജില്ലയിലെ ഹോട്ടലുകളിൽ മധുരം, ഉപ്പ്, ഓയിൽ എന്നിവ പരമാവധി കുറിച്ചുള്ള ഭക്ഷണങ്ങൾ കൂടി ലഭ്യമാക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു. ജീവിതശൈലി രോഗങ്ങൾ നേരിടുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളുടെ തുടർച്ചയായാണ് ജില്ലയിൽ പുതിയ ക്യാമ്പയിനിന് തുടക്കം കുറിച്ചിരിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ കലക്ടറേറ്റിൽ ഉൾപ്പെടെ ഔദ്യോഗിക പരിപാടികളിലും യോഗങ്ങളിലും മധുരം ഒഴിവാക്കിയുള്ള ചായ നൽകുന്നത് പ്രോത്സാഹിപ്പിക്കുമെന്നും ജില്ലയിലെ ഹോട്ടലുകളിൽ മാർച്ച് ഒന്നു മുതൽ മധുരം, ഉപ്പ്, ഓയിൽ എന്നിവ പരമാവധി കുറച്ചുള്ള ഭക്ഷണങ്ങൾ കൂടി ലഭ്യമാക്കുന്നതിനും തീരുമാനിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

നിലവിലെ ഭക്ഷണരീതികൾ തുടരുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഓയിൽ, കൃത്രിമം നിറങ്ങൾ, അമിതമായ ഉപ്പ്, പഞ്ചസാര എന്നിവ കുറവുള്ള ഭക്ഷണങ്ങൾ കൂടി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിൽ ക്യാമ്പയിൻ പരിപാടികൾ നടപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിനെ കൂടാതെ ആരോഗ്യവകുപ്പ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ, ട്രോമാകെയർ, റസിഡൻസ് അസോസിയേഷൻ എന്നിവരുടെ സഹകരണവും ഉണ്ടായിരിക്കും.

ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റസ്റ്റോറന്റ്കളിലും എണ്ണ പലഹാരങ്ങൾക്ക് പകരം ആവിയിൽ വേവിച്ചെടുത്ത പലഹാരങ്ങൾ നൽകുന്ന ഹെല്‍ത്തി ഷെല്‍ഫ് പദ്ധതിയും നടപ്പിലാക്കാനാണ് തീരുമാനം. ക്യാമ്പയിന് കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങൾ എന്നിവരുടെയും സഹകരണം ഉറപ്പാക്കും. പദ്ധതിയുടെ നടത്തിപ്പിന് വീടുകളിൽ ഭക്ഷണം പാക്ക് ചെയ്ത് വിതരണം ചെയ്യുന്നവർ, തട്ടുകടകൾ ഉൾപ്പെടെ എല്ലാ മേഖലയിലുള്ളവരെയും ഉൾപ്പെടുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഫുഡ് ബ്ലോഗർമാർക്കെതിരെ നടപടിയെടുക്കുമെന്നും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ക്യാമ്പയിൻ സന്ദേശങ്ങൾ എല്ലാ ഹോട്ടലുകളിലും ബേക്കറി സ്ഥാപനങ്ങളിലും സ്ഥാപിക്കും എന്നും ജില്ലാ കളക്ടർ പറഞ്ഞു.

Leave a Comment