നടൻ ടോവിനോ തോമസിനെ നായകനാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിന്റെ പ്രവ്യൂ കോപ്പിയുടെ വീഡിയോ ലിങ്ക് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട് സംവിധായകൻ. ചിത്രത്തിന്റെ നിർമ്മാതാവും ചിത്രത്തിലെ നടനുമായ ടോവിനോ തോമസുമായുള്ള തർക്കങ്ങൾ തുടരുന്നതിനിടെയാണ് വിമിയോയിൽ അപ്ലോഡ് ചെയ്ത സിനിമയുടെ ലിങ്ക് അദ്ദേഹം സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്.
രണ്ടുവർഷം മുൻപ് സംവിധായകൻ സനലിന്റെ വിമിയോ അക്കൗണ്ടിൽ അപ്ലോഡ് ചെയ്ത ലിങ്ക് ആണ് അദ്ദേഹം ഇപ്പോൾ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ട് ” പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തു വരുന്നില്ല എന്ന് മനസ്സിലാക്കുന്നവർക്ക് മനസ്സിലാക്കാം” എന്നാണ് സനൽകുമാർ ഫേസ്ബുക്കിൽ കുറിച്ചത്.
സിനിമയുമായി ബന്ധപ്പെട്ട് നടൻ ടോവിനോ തോമസും സനൽകുമാർ ശശിധരനും തമ്മിൽ പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ടോവിനോയുടെ പരാജയഭീതിയാണ് സിനിമ പുറത്തിറങ്ങാതിരിക്കുന്നതിന് കാരണമെന്നും ഒ ടി ടിയിലോ തീയേറ്ററിലോ ചിത്രം റിലീസ് ചെയ്യാൻ നിർമ്മാതാവ് കൂടിയായ ടോവിനോ ശ്രമിക്കുന്നില്ല എന്നാണ് സനൽകുമാർ പറയുന്നത്.
ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്നും വളരെ നല്ല ചിത്രമാണ് ‘വഴക്ക്’ എന്നും ചിത്രം ഒ ടി ടിയിൽ എത്താത്തതിന് പിന്നിൽ സനൽകുമാർ ആണെന്നും പ്രതികരിച്ചുകൊണ്ട് ടോവിനോയും നേരത്തെ രംഗത്ത് വന്നിരുന്നു. സനൽകുമാർ ശശിധരന്റെ സോഷ്യൽ പ്രൊഫൈൽ തടസ്സമായെന്നും ഒ ടി ടി റിലീസിനായി ശ്രമിച്ചിരുന്നുവെങ്കിലും ഒ ടി ടി പോളിസി സനൽകുമാർ അംഗീകരിച്ചില്ല എന്നും ടോവിനോ പറഞ്ഞിരുന്നു. ടോവിനോ തോമസിനെ നായകനാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് 2022ൽ നിർമ്മാണം പൂർത്തിയാക്കിയ ചിത്രമാണ് വഴക്ക്.
ടോവിനോയോടൊപ്പം സുദേവ് നായർ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ കനി കുസൃതിയാണ് നായിക വേഷത്തിൽ എത്തിയത്.15 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടിക്കുള്ള സംസ്ഥാന പുരസ്കാരം തന്മയ കരസ്ഥമാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക