പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’. കമലഹാസന്, അമിതാഭ് ബച്ചന്, ദീപിക പദുക്കോണ്‍ തുടങ്ങിയവര്‍ ഒന്നിക്കുന്ന വലിയ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം സയൻസ് ഫിഷൻ പീരീഡ് മൂവിയാണെന്നാണ് സൂചന. ഭൈരവ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ഭൈരവ എന്ന കഥാപാത്രത്തിന്റെ ഉറ്റ ചങ്ങാതിയായ ബുജ്ജിയുടെ രൂപം പ്രേക്ഷകര്‍ക്കു മുന്നില്‍ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്താന്‍ പോവുകയാണ്. മേയ് 22 ന് ബുജ്ജിയെ പ്രേക്ഷകർക്കു പരിചയപ്പെടുത്തും. ‘ബിൽഡിങ് എ സൂപ്പർസ്റ്റാർ ബുജ്ജി’ എന്ന വിശേഷണത്തോടെയാണ് ബുജ്ജിയെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തുന്നത്.
വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമിച്ച് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 27 ന് തീയേറ്ററുകളിൽ എത്തും.ജോർജ് സ്റ്റോജിൽ കോവിച്ച് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് ‘കൽക്കി 2898 എഡി’യുടെയും പാട്ടുകൾ ഒരുക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ബില്‍ഡിങ് എ സൂപ്പര്‍സ്റ്റാര്‍ ബുജ്ജി’ എന്ന വീഡിയോയില്‍ ഒരു കൊച്ചു റോബോട്ട് ആയ ബുജ്ജിയ്ക്ക് മറ്റൊരു രൂപം നല്കാന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അവരുടെ ശ്രമങ്ങളെല്ലാം ഫലിക്കാതെ വരുന്ന വേളയില്‍ നിരാശനായി ബുജ്ജി നില്ക്കുമ്പോള് പ്രഭാസിന്റെ കഥാപാത്രമായ ഭൈരവ തന്നെ ബുജ്ജിയെ സഹായിക്കാന്‍ രംഗത്തെത്തുകയാണ്.
ബുജ്ജിയ്ക്കായി പുതിയൊരു ഉടലും വാഹനവും ഭൈരവ ഒരുക്കിയിട്ടുണ്ട്. അത് മേയ് 22-ന് വെളിപ്പെടുന്നതിലൂടെ ബുജ്ജിയുടെ പുതിയ രൂപവും ആരാണ് ബുജ്ജിയുടെ വേഷമിടുക എന്നു വെളിവാകും. മുന്‍പ് പുറത്തുവിട്ട കല്‍ക്കിയിലെ കഥാപാത്രങ്ങളായ ഭൈരവ, അശ്വത്ഥാമാ തുടങ്ങിയ കഥാപാത്രങ്ങളെ സ്വീകരിച്ച പോലെ ബുജ്ജിയെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക