KERALA

‘അമ്പാൻ സ്റ്റൈൽ സ്വിമ്മിം​ഗ് പൂൾ’ കാറിനുള്ളിൽ; യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി

ആലപ്പുഴ: കാറിനുള്ളില്‍ ‘സ്വിമ്മിങ് പൂളു’ണ്ടാക്കി യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയാണ് നടപടിയെടുത്തത്. രാവിലെ പത്തിന് ആലപ്പുഴ ആര്‍ടി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. വാഹനത്തിന്റെ രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാൻ നീക്കമുണ്ട്.

ആവേശം സിനിമാ സ്റ്റൈലിലാണ് യൂട്യൂബറും സംഘവും സഫാരി കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയത്. വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിക്കുന്നതിന്റെ ദൃശ്യങ്ങളും യൂട്യൂബില്‍ ഷെയർ ചെയ്തിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയുമായി രംഗത്തെത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് സഞ്ജു ടെക്കി വ്ളോഗ്‌സ് എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ ഇട്ടത്. കാറിന്റെ പിന്‍ഭാഗത്തെ സീറ്റ് അഴിച്ചുമാറ്റി സ്വിമ്മിങ് പൂള്‍ നിർമിക്കുകയായിരുന്നു. ടര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടി അതിലാണ് വെള്ളം നിറച്ചത്. അത്യന്തം അപകടകരമായ രീതിയിലായിരുന്നു സംഘം വീഡിയോ ചിത്രീകരിച്ചിരുന്നത്.

വാഹനത്തിലെ പൂളിന്റെ മര്‍ദ്ദം കാരണം എയര്‍ബാഗ് പുറത്തേക്ക് വരികയും ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളഞ്ഞു. ഇതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു.

Leave a Comment