വിജയകരമായി വിക്ഷേപണം പൂർത്തിയാക്കി അഗ്നിബാൺ. സ്വകാര്യ സ്റ്റാർട്ടപ്പ് അഗ്നികുൽ കോസ്മോസ് വികസിപ്പിച്ച അഗ്നിബാൺ ഇന്ത്യയിലെ തന്നെ ആദ്യ സെമി ക്രയോജനിക് എൻജിനാണ്. ശ്രീഹരിക്കോട്ടയിൽ നിന്നും ഇന്ന് പുലർച്ചെയാണ് അഗ്നിബാൺ വിജയകരമായി വിക്ഷേപണം പൂർത്തിയാക്കിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ അഗ്നികുൽ കോസ്മോസിന്റെ വിക്ഷേപണ തറയിൽ നിന്നായിരുന്നു അഗ്നിബാൺ വിക്ഷേപിച്ചത്.
മൂന്നു തവണ മാറ്റിവെച്ച വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതോടെ ബഹിരാകാശ രംഗത്ത് ഇന്ത്യ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. പര്യവേഷണ രംഗത്തെ മികച്ച നേട്ടമാണ് അഗ്നിബാൺ വിജയകരമായി വിക്ഷേപിച്ചതിലൂടെ സാധ്യമായതെന്ന് ഐ എസ് ആർ ഒ പ്രതികരിച്ചു. സാധാരണ ക്രയോജനിക്ക് എൻജിനുകളിൽ ഉപയോഗിക്കുന്ന ദ്രവീകൃത ഓക്സിജൻ, ഹൈഡ്രജൻ എന്നിവയ്ക്ക് പകരം ശുദ്ധീകരിച്ച മണ്ണെണ്ണയും ആശുപത്രികളിൽ ഉപയോഗിക്കുന്ന ഓക്സിജനും ആണ് സെമി ക്രയോജനിക് എൻജിനുകളിൽ ഉപയോഗിക്കുന്നത്.
ക്രയോജനിക്ക് എൻജിനുകളിൽ ഉപയോഗിക്കേണ്ടി വരുന്ന ദ്രവീകൃത ഇന്ധനം തയ്യാറാക്കുന്നതിന് വളരെയധികം ചെലവ് കൂടുതലാണെന്നിരിക്കെ സെമി ക്രയോജനിക് എൻജിൻ ബഹിരാകാശ പരവേഷണ രംഗത്തെ ചെലവ് കുറയ്ക്കുന്നതിന് രാജ്യത്തെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക