എല്ലാകാലത്തും ഒരുപോലെ ലഭ്യമാകുന്ന ഒന്നാണ് ചെണ്ടുമല്ലി. ഓണക്കാലത്ത് പൂക്കളങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത പൂവായ ചെണ്ടുമല്ലി എല്ലാ സീസണിലും ഒരുപോലെ ലഭ്യമാക്കാറുണ്ട്. ഓണക്കാലത്ത് പൂക്കൾ ലഭ്യമാകണമെങ്കിൽ ഇപ്പോൾ തന്നെ തൈകൾ തയ്യാറാക്കണം. കൊങ്ങിണി, ബന്തി, ചെണ്ടുമല്ലി എന്നിങ്ങനെ വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന ചെണ്ടുമല്ലി പ്രത്യേകിച്ചും ഓണക്കാലത്താണ് ധാരാളമായി ആവശ്യമായി വരാറ്.
കേരളത്തിൽ പുഷ്പചക്രങ്ങളിലും വാഹനങ്ങളിലും അമ്പലങ്ങളിലും എല്ലാം ധാരാളമായി ചെണ്ടുമല്ലിപ്പൂക്കൾ ഉപയോഗിക്കാറുണ്ട്. ഫ്രഞ്ച് മാരി ഗോൾഡ്, ആഫ്രിക്കൻ മാരി ഗോൾഡ് എന്നിങ്ങനെ രണ്ട് തരത്തിൽ ലഭ്യമാകാറുള്ള ചെണ്ടുമല്ലി ഓണക്കാലത്ത് പൂക്കളങ്ങളിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ്. വളരെ ചെറുതിലെ തന്നെ പൂക്കൾ പിടിക്കാൻ തുടങ്ങുന്ന ഫ്രഞ്ച് മാരി ഗോൾഡ് എന്ന ഇനത്തിന് ആകർഷകമായ ചെറിയ പൂക്കളാണ് ഉള്ളത്. ചട്ടികളിലോ പുൽത്തകിടികളുടെ അരികുകൾ എഡ്ജ് ചെയ്യുന്നതിനോ പറ്റിയ ഇവ വിവിധ വർണ്ണങ്ങളിൽ ഒരു പൂവിൽ തന്നെ ഒന്നിലധികം നിറങ്ങളിൽ ലഭ്യമാകാറുണ്ട്. ഇവയുടെ വിവിധ വെറൈറ്റികളും ലഭ്യമാണ്.
അതുപോലെതന്നെ ഓറഞ്ച്, മഞ്ഞ, വെള്ള നിറങ്ങളിൽ ലഭ്യമാകാറുള്ള ആഫ്രിക്കൻ മാരി ഗോൾഡ് എന്ന ഇനം ചെണ്ടുമല്ലി വലിപ്പമേറിയതും വാണിജ്യ പ്രാധാന്യമുള്ളവയുമാണ്. 15 ഡിഗ്രി മുതൽ 29 ഡിഗ്രി വരെയുള്ള താപനില ഉള്ളയിടങ്ങളിൽ ധാരാളമായി വളരുന്ന ഹ്രസ്വകാല വിളയാണ് ചെണ്ടുമല്ലി. അമ്ലത കുറഞ്ഞ മണ്ണിൽ രോഗങ്ങൾ കുറയുന്ന ഇവയ്ക്ക് വലിയ ചൂടുള്ള കാലാവസ്ഥയിൽ നന്നായി പുഷ്ടിക്കാൻ കഴിയില്ല. അതേസമയം നല്ല വെയിൽ കിട്ടാതെയാണ് വളരുന്നത് എങ്കിൽ തണ്ടുകൾ ബലം കുറഞ്ഞ നീണ്ടുവളരുന്നതിനും കാരണമാകും.
6ഗ്രാം വിത്തുകൾ ഒരു സെന്റ് സ്ഥലത്തേക്ക് എന്ന കണക്കിൽ ഉപയോഗിക്കാം. പ്രോ ട്രേകളില് 3:1 അനുപാതത്തിൽ നാരു കളഞ്ഞ ചകിരിച്ചോറ്, അരിച്ച് മണ്ണിര കമ്പോസ്റ്റ്, അല്ലെങ്കിൽ നന്നായി ഉണക്കിപ്പൊടിച്ച ചാണകപ്പൊടി എന്നിവ ചേർത്ത മിശ്രിതത്തിൽ തൈകൾ വളർത്തിയെടുക്കുന്നതാണ് ഉത്തമം. ഇത്തരത്തിൽ വളർത്തിയെടുത്ത തൈകൾ നാലാഴ്ച പ്രായമാകുമ്പോൾ 6 ഇലകൾ എങ്കിലും ഉള്ള കരുത്തുള്ളവ നോക്കി പറിച്ചു നടാവുന്നതാണ്.
ധാരാളമായി വെള്ളം ഉള്ള സ്ഥലത്താണ് നടുന്നത് എങ്കിൽ ഉയരമുള്ള വാരങ്ങൾ എടുത്ത് അതിൽ ചെടികൾ നടുന്നതാണ് നല്ലത്. ഇത്തരത്തിൽ നടുമ്പോൾ ഒരു സെന്റിന് രണ്ട് മുതൽ മൂന്ന് കിലോ കുമ്മായപ്പൊടി ചേർത്ത് ഇളകി രണ്ടാഴ്ച ഇട്ടതിനുശേഷം ഒരു സെന്റ് സ്ഥലത്തേക്ക് 100 കിലോ അളവിൽ അഴുകിപ്പൊടിഞ്ഞ കാലി വളവും സെന്റിന് 220 ഗ്രാം യൂറിയ, 400 ഗ്രാം മസൂറി ഫോസ്, 100 ഗ്രാം പൊട്ടാഷ് എന്ന അളവിൽ അടിസ്ഥാന വളവും ചേർത്തു കൊടുക്കണം.
ഒന്നര അടി അകലമാണ് വരികളും ചെടികളും തമ്മിൽ വേണ്ടത്. 200 ചെടികൾ വരെ ഒരു സെന്റ് സ്ഥലത്ത് നടാൻ ആകും. 20 ദിവസത്തിന് ശേഷം 220 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവ ഇടയിളക്കിയതിനുശേഷം മേൽവളമായി ചേർത്ത് നൽകാനും ശ്രദ്ധിക്കണം. കൂടുതൽ ശിഖരങ്ങൾ വരുന്നതിനും ചെടികൾക്ക് കരുത്ത് കൂട്ടുന്നതിനും പറിച്ചുനട്ട് 27 ദിവസം കഴിയുമ്പോൾ തലപ്പ് നുള്ളി കൊടുക്കുന്നത് സഹായിക്കും. മൊട്ടുകൾ വന്നു കഴിഞ്ഞാൽ മണ്ണിൽ ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കണം. പറിച്ചുനട്ടതിനുശേഷം 60 മുതൽ 65 ദിവസങ്ങൾ കഴിയുമ്പോൾ പൂക്കൾ വിളവെടുത്ത് തുടങ്ങാവുന്നതാണ്.
മൂന്ന് മാസത്തിലൊരിക്കൽ വിളവെടുക്കാവുന്ന ചെണ്ടുമല്ലി കൃഷിയിൽ ഒരു ഹെക്ടറിൽ നിന്നും 6,000 കിലോ മുതൽ 10,000 കിലോ വരെ പൂക്കൾ വിളവെടുക്കാൻ സാധിക്കും. 100 മുതൽ 150 രൂപ വരെയാണ് ഒരു കിലോ ചെണ്ടുമല്ലിക്ക് വിപണിയിലെ വില. ധാരാളം കീടങ്ങളും ചെണ്ടുമല്ലി കൃഷിയെ ബാധിക്കാറുണ്ട്. ഇലപ്പേനുകൾ,ഇലതീനി പുഴുക്കൾ,മീലിമൂട്ടകൾ എന്നിവയെല്ലാം ചെണ്ടുമല്ലി കൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങൾ ആണ്. ഇവ കൂടാതെ വാട്ടം, ഇലപ്പുള്ളി എന്നീ രോഗങ്ങളെയും ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക