കാന്താര എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ നടൻമാരിലൊരാളാണ് ഋഷഭ് ഷെട്ടി. താരത്തിന്റെ പെർഫോമൻസ് തന്നെയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ശിവയായും ദൈവക്കോലമായും ഋഷഭ് ഷെട്ടി സ്ക്രീനിൽ മാസ്മരിക പ്രകടനമാണ് നടത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട്.
സിനിമയുടെ വിജയത്തിന് ശേഷം ഋഷബ് ഷെട്ടിയായല്ല, ദൈവയായി തന്നെ താരത്തെ ആരാധിച്ചവരും കുറച്ചല്ല. അത്തരത്തിൽ പ്രേക്ഷകർ തന്നോട് കാണിക്കുന്ന ആരാധനയെ കുറിച്ച് സംസാരിക്കുകയാണ് റിഷബ് ഷെട്ടി.
‘കന്താര റിലീസായിട്ട് രണ്ട് വർഷത്തിനടുത്തായി. പല പരിപാടികൾക്ക് പോകുമ്പോഴും ഇപ്പോഴും ആളുകൾ വന്ന് എന്റെ കാൽക്കൽ വീഴുകയും ബഹുമാനത്തോടെ തൊഴുകയും ചെയ്യാറുണ്ട്. ഇത് കാണുമ്പോൾ എന്താണ് പറയേണ്ടത് എന്ന് എനിക്ക് പലപ്പോഴും അറിയാത്ത അവസ്ഥയാണ്. ഞാൻ ഒരു ദൈവിക അസ്തിത്വമല്ല, ഒരു നടൻ മാത്രമാണ്. കാന്താരയിൽ നിങ്ങൾ കണ്ടത് ഞാൻ ചെയ്ത ഒരു കഥാപാത്രം മാത്രമാണ്. ആ ദൈവ ഞാനല്ല. എനിക്ക് സ്നേഹം നൽകിയതിന് ദൈവങ്ങളോടും ആളുകളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്നാൽ എന്നെ ഒരു കലാകാരനായി തന്നെ പരിഗണിക്കുക. ഭക്തി ദൈവങ്ങളായിരിക്കട്ടെ,’ നടൻ ഒരഭിമുഖത്തിൽ പറഞ്ഞു.
കാന്താര സിനിമയിലെ ദൈവ എന്ന വേഷമിടാൻ മാനസികമായും ശാരീരികമായും താരം നടത്തിയിരുന്ന തായാറെടുപ്പുകൾ ശ്രദ്ധേയമായിരുന്നു. സിനിമയുടെ ഷൂട്ടിന് ഒരു മാസം മുൻപ് തന്നെ പൂർണമായും മാംസാഹാരം ഉപേക്ഷിക്കുകയും വ്രതമെടുക്കുകയും ചെയ്തിരുന്നു.
ചെരുപ്പിടാതെയാണ് ചിത്രീകരണം അവസാനിക്കും വരെയും താരം നടന്നത്. അതേസമയം, ‘കാന്താര ചാപ്റ്റർ 1’ന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായി. ഇനി ബാംഗ്ലൂളിരിൽ സിനിമയുടെ ഒരു ചെറിയ ഭാഗവും കൂടി ചിത്രീകരിക്കാൻ ബാക്കിയുണ്ടെന്ന് താരം പറഞ്ഞു.
കാന്താര ചാപ്റ്റർ 1 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിരുന്നു. സപ്തമി ഗൗഡയായിരുന്നു കാന്താരയിൽ നായികയായെത്തിയത്. ആക്ഷൻ ത്രില്ലറായെത്തിയ ചിത്രം 2022 ലാണ് തിയറ്ററുകളിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക