ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാർക്കോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വ്യത്യസ്തമായ ഗെറ്റപ്പിൽ ചോരയിൽ കുളിച്ച് വായിൽ കത്തിയുമായി നിൽക്കുന്ന ഉണ്ണിമുകുന്ദനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടത്.
ഒരു വില്ലന്റെ സ്പിൻ ഓഫ് ആയി എത്തുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയിൽ ഒരുങ്ങുന്ന ‘മാർക്കോ’ ഹനീഫ് അദേനി തന്നെ സംവിധാനം ചെയ്ത ‘മിഖായേൽ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ‘മാർക്കോ ജൂനിയർ’ എന്ന വില്ലൻ കഥാപാത്രത്തെ നായകനാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ക്യൂബ്സ് ഇന്റർനാഷണൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷരീഫ് മുഹമ്മദും അബ്ദുൽ ഗദ്ദാഫും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം വിതരണത്തിന് എത്തിക്കുന്നതും ഇവർ തന്നെയാണ്.
അണിയറ പ്രവർത്തകർ പറയുന്നത് അനുസരിച്ച് ‘മാർക്കോ’ എന്ന ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് വിറ്റു പോയത്. ഹിന്ദിയിലെ ഒരു മുൻനിര കമ്പനി 50% തീയറ്റർ ഷെയറും അഞ്ചുകോടിയും നൽകിയാണ് ചിത്രത്തിന്റെ ഡബ്ബിങ് റൈറ്റ്സ് സ്വന്തമാക്കിയത്. കലൈ കിങ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ് ഇനി മൂന്നുപേർ സ്റ്റണ്ട് മാസ്റ്റേഴ്സ് ആയി എത്തുന്ന ചിത്രത്തിൽ 8 ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുന്നുണ്ട്.
മലയാളത്തിലെ ഏറ്റവും വലിയ സ്റ്റൈലിഷ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ‘മാർക്കോ’ എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് ബിഗ് ബജറ്റ് ആക്ഷൻ സിനിമകളായ കെ ജി എഫ്, സലാർ എന്നിവയുടെ സംഗീത സംവിധായകനായ രവി ബസ്രൂർ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ചന്ദ്രു സെൽവരാജ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക