പ്രേഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ ‘പുഷ്പ 2’. ആഗസ്റ്റ് 15, 2024 ന് ചിത്രം റിലീസാകും എന്ന് നേരത്തെ തന്നെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് തീയതി മാറ്റിയിരിക്കുകയാണ് അണിയറക്കാര്‍. ഡിസംബറിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഡിസംബര്‍ 6 ആയിരിക്കും പുഷ്പ 2വിന്റെ റിലീസ് തീയതി.
നേരത്തെ തന്നെ ഷൂട്ടിംഗ് തീരാത്തത് അടക്കം പ്രശ്നങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കും എന്ന് അണിയറക്കാര്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനകം തന്നെ തീയറ്റര്‍ റൈറ്റ്സുകളും, ഒടിടി, ഓഡിയോ വില്‍പ്പനകളും നടന്ന ചിത്രമാണ് പുഷ്പ 2. ഉത്തരേന്ത്യയില്‍ 200 കോടിയുടെ വിതരണ കരാര്‍ ചിത്രത്തിന് ലഭിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു.
മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന പുഷ്പ 2വില്‍ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
2021ൽ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാൻ-ഇന്ത്യൻ ചിത്രം എന്ന വിളിപ്പേരിന് അർഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. മലയാളി നടൻ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എല്ലാ അർത്ഥത്തിലും ബ്ലോക്ക്ബസ്റ്റർ എന്ന വിശേഷണത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അർജുന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡും നേടിക്കൊടുത്തിരുന്നു ചിത്രം. രണ്ടാം ഭാഗത്തിൽ എന്തുസംഭവിക്കും എന്ന് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചുകൊണ്ടാണ് ആദ്യഭാഗം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക