കേരളത്തിലെ കാലാവസ്ഥയ്ക്ക് വളരെയധികം അനുയോജ്യമായ ഒന്നാണ് പയർ കൃഷി. ആഫ്രിക്ക ജന്മദേശമായ പയറിൽ അന്നജം, കൊഴുപ്പ്, ധാതുക്കൾ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. സാധാരണയായി വള്ളിപ്പയർ, കുറ്റി പയർ എന്നിങ്ങനെ രണ്ട് തരത്തിലുള്ള പയർ ഇനങ്ങൾ ആണ് ഉള്ളത്.
ഇവയിൽ തന്നെ വ്യത്യസ്തങ്ങളായ വിവിധ ഇനങ്ങൾ വിപണിയിൽ ലഭ്യമാകാറുണ്ട്. വളരെ ലളിതമായ കൃഷി രീതിയായതിനാൽ കൃഷി ചെയ്യുന്നതും എളുപ്പം. ഒരു സെന്റിന് 30 ഗ്രാമും കുറ്റിപ്പയർ ഇനങ്ങൾക്ക് 100 മുതൽ 120 ഗ്രാം വരെ വിത്തും ആവശ്യമാണ്. പയർ കൃഷിക്ക് ഏറ്റവും അനുയോജ്യമായത് ഫലഭൂയിഷ്ടമായ പശിമയുള്ളതും നീർവാർച്ചയുള്ളതുമായ മണ്ണാണ്.
കുമ്മായം ചേർത്ത് പുളിരസം കൂടിയ മണ്ണ് കൃഷിക്കായി തയ്യാറാക്കേണ്ടതുണ്ട്. മഴക്കാലത്ത് മൺകൂനകളോ മൺതിട്ടകളോ തയ്യാറാക്കിയും വേനൽക്കാലത്ത് ചാലുകളോ കുഴികളോ തയ്യാറാക്കിയും വള്ളിപ്പയർ വിത്തുകൾ പാകാവുന്നതാണ്. വിള വർദ്ധനവിന് വിത്ത് പാകമാകുന്നതിനു മുൻപ് റൈസോബിയം കൾച്ചർ പുരട്ടുന്നത് ഗുണം ചെയ്യും. നടുന്നതിനു മുൻപ് പഴകിയ കഞ്ഞിവെള്ളത്തിൽ റൈസോബിയം കൾച്ചർ ചേർത്ത് കുഴമ്പ് രൂപത്തിലാക്കി വിത്ത് അതിൽ മുക്കി നന്നായി കലർത്തി തണലിൽ ഉണക്കിയതിനു ശേഷം ഉപയോഗിക്കാം.
ഒരു സെന്റിന് 80 കിലോഗ്രാം ജൈവവളവും 90 ഗ്രാം യൂറിയയും 600ഗ്രാം രാജ് ഫോസും 65 ഗ്രാം എം ഒ പി യും അടിവളമായി ചേർത്തു കൊടുക്കാൻ ശ്രദ്ധിക്കണം. വിത്ത് നടീൽ കഴിഞ്ഞ് 15 മുതൽ 20 ദിവസം ആകുമ്പോൾ 85 ഗ്രാം യൂറിയ മേൽവളമായി ചേർത്തു കൊടുക്കാവുന്നതാണ്. ജൈവകൃഷി രീതിയാണ് ചെയ്യുന്നത് എങ്കിൽ 80 കിലോ ജൈവവളങ്ങളും 80 കിലോ ചാണകവും 8 കിലോ മണ്ണിര കമ്പോസ്റ്റും ചേർത്തു കൊടുക്കാം.
ആഴ്ചകൾ തോറും മേൽവളങ്ങളായി പച്ച ചാണകം,പിണ്ണാക്ക് എന്നിവ രണ്ട് ലിറ്റർ വെള്ളത്തിൽ 200 ഗ്രാം എന്ന കണക്കിൽ ചേർത്ത്കൊടുക്കാം. പടർന്നു തുടങ്ങുമ്പോൾ പന്തലൊരുക്കുന്നതിനും ജലസേചനം, കളയെടുപ്പ്, ഇടയിളക്കൽ എന്നിവ യഥാസമയം ചെയ്യുന്നതിനുംശ്രദ്ധിക്കണം. വളർച്ചയുടെ ഘട്ടത്തിൽ വള്ളിയുടെ തല നുള്ളി കൊടുക്കുന്നത് വിളവർധനയ്ക്ക് സഹായിക്കും. അതുപോലെതന്നെ ചെടികൾ പുഷ്പിക്കുന്ന സമയത്തും രണ്ടാമത്തെ വിളവെടുപ്പ് കഴിഞ്ഞും മണ്ണ് കയറ്റി കൊടുക്കാനും ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക