പാലക്കാട്: മലബാറിലെ യാത്രക്കാർക്ക് ആശ്വാസമായി സ്പെഷൽ ട്രെയിൻ അനുവദിച്ചു. ഷൊർണൂർ-കണ്ണൂർ സ്പെഷൽ ട്രെയിനാണ് പ്രഖ്യാപിച്ചത്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഷൊർണൂരിൽ നിന്നും വൈകീട്ട് 3:40ന് പുറപ്പെടുന്ന 06031 ട്രെയിൻ 5:35ന് കോഴിക്കോട് എത്തും. കണ്ണൂരിൽ 7:40നാണ് എത്തുക.
ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 06032 ട്രെയിൻ കണ്ണൂരിൽനിന്ന് രാവിലെ 8:10ന് പുറപ്പെട്ട് 9:50ന് കോഴിക്കോട് എത്തും. തുടർന്ന് ഷൊർണൂരിലേക്ക് യാത്ര തിരിക്കും.
പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ട്. രാവിലെയും വൈകീട്ടും പരശുറാം എസ്പ്രസിന് പിന്നാലെ ആയതിനാൽ സർവീസ് യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടും.
അതേസമയം, ജൂലൈ 1-നും എറണാകുളത്ത് നിന്ന് രാത്രി 10.25-ന് പുറപ്പെടുന്ന എറണാകുളം – കാരൈക്കൽ എക്സ്പ്രസ് നാഗപട്ടണത്ത് സർവീസ് അവസാനിപ്പിക്കും. കാരയ്ക്കൽ യാർഡിന്റെ കമ്മീഷനിംഗ് പ്രവൃത്തികൾ നടക്കുന്നതിനാലാണ് ഇത്.
ജൂലൈ 2-ന് എറണാകുളത്ത് നിന്ന് രാത്രി 10.25 ന് പുറപ്പെടുന്ന എറണാകുളം – കാരയ്ക്കൽ എക്സ്പ്രസ് നാഗൂർ വരെ മാത്രമേ സർവീസ് നടത്തൂ. ജൂലൈ 3-ന് വൈകിട്ട് നാലരയ്ക്ക് കാരയ്ക്കൽ നിന്ന് പുറപ്പെട്ട് എറണാകുളത്തേക്ക് വരുന്ന എറണാകുളം എക്സ്പ്രസ് വൈകിട്ട് 05.05-ന് നാഗപട്ടണത്ത് നിന്നായിരിക്കും സർവീസ് തുടങ്ങുകയെന്നും റെയിൽവേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക