കൂർക്ക അഥവാ ചീവകിഴങ്ങ് എന്ന് അറിയപ്പെടുന്ന ഇത്തിരി കുഞ്ഞൻ കിഴങ്ങു വർഗ്ഗത്തിലെ പ്രധാനിയാണ്. അന്താരാഷ്ട്രതലത്തിൽ സുഡാൻ പൊട്ടാറ്റോ, ചൈനീസ് പൊട്ടാറ്റോ എന്നെല്ലാം അറിയപ്പെടുന്ന കൂർക്ക ഇഷ്ടമില്ലാത്തവർ വിരളമാണ്. കഴുകി വൃത്തിയാക്കി കറിക്ക് എടുക്കുമ്പോൾ കയ്യിൽ അല്പം കറ പറ്റുമെങ്കിലും കൂർക്കയുടെ രുചിയാലോചിക്കുമ്പോൾ ആർക്കും അതിൽ തെല്ലും വിഷമമുണ്ടാകാറില്ല.
കൂർക്ക ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യവിഭവങ്ങൾക്ക് ആരാധകർ ഏറെയാണ്. സംസ്ഥാനത്ത് പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് കൂർക്ക കൃഷി ഏറ്റവും കൂടുതലായി ചെയ്തു വരുന്നത്. ഒരു കിഴങ്ങു വിളയായ കൂർക്ക പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്ത വിളയിച്ചെടുക്കാവുന്ന ഒന്നാണ്. ഇപ്പോഴാണ് കൂർക്ക നടാൻ ഏറ്റവും അനുയോജ്യമായ സമയം.
മണ്ണ് കിളച്ച് കട്ടയുടച്ചതിനുശേഷം മൂന്നടി വീതിയിൽ വാരങ്ങൾ കോരിയതിന് ശേഷം ഒരടി അകലത്തിൽ കിഴങ്ങുകൾ പാകാവുന്നതാണ്. മുളച്ചു വരുന്ന തണ്ടുകൾ 15 സെന്റീമീറ്റർ നീളത്തിൽ മുറിച്ച് നടാനായി ഉപയോഗിക്കാവുന്നതാണ്. ഒരടി പൊക്കത്തിലും മൂന്നടി വീതിയിലും ആണ് വാരം ഉണ്ടാക്കേണ്ടത്.
സെന്റിന് ഒരു കിലോ കുമ്മായം ചേർത്ത് രണ്ടാഴ്ച ഇടവേള നൽകി സെന്റ് ഒന്നിന് 50 കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, ചാരം, 250 ഗ്രാം യൂറിയ, ഒരു കിലോ മസൂറി ഫോസ്, 350 ഗ്രാം പൊട്ടാഷ്, എന്നിവ മണ്ണിൽ ചേർത്തുകൊടുത്ത 15 സെന്റീമീറ്റർ നീളമുള്ള തണ്ടുകൾ 15 സെന്റീമീറ്റർ അകലത്തിൽ നട്ട് രണ്ട് ദിവസം തണൽ നൽകാൻ ശ്രദ്ധിക്കണം. ഒരു സെന്റിന് 250 ഗ്രാം യൂറിയ, 300 ഗ്രാം പൊട്ടാഷ് എന്നിവ വിതറി 45 ദിവസം കഴിഞ്ഞ് മണ്ണ് കയറ്റി കൊടുക്കാവുന്നതാണ്.
ഉള്ളിൽ നിറയ്ക്കുന്ന മിശ്രിതം ഇളക്കമുള്ളതായിരിക്കാൻ ഗ്രോ ബാഗിലോ ചട്ടിയിലോ ചാക്കിലോ കൃഷി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി തുല്യ അളവിൽ മണ്ണ് അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, ചകിരിച്ചോർ കമ്പോസ്റ്റ്, എന്നിവയും ആവശ്യമെങ്കിൽ പഴക്കം ചെന്ന അറക്കപ്പൊടിയോ വേപ്പിൻ പിണ്ണാക്കോ എല്ലുപൊടിയോ ചേർത്തു കൊടുക്കാവുന്നതാണ്. ഗ്രോ ബാഗിലോ ചാക്കിലോ ചട്ടിയിലോ നടുമ്പോൾ രണ്ടു തലപ്പുകൾ മാത്രം നട്ടു കൊടുക്കാൻ ശ്രദ്ധിക്കണം.
150 മുതൽ 200 ഗ്രാം വരെ കിഴങ്ങ് ഒരു തണ്ടിൽ നിന്ന് ലഭിക്കും. നാല് നാലര മാസം കൊണ്ട് പൂർണ്ണമായും ജൈവരീതിയിൽ വിളയിച്ചെടുക്കാവുന്ന ഒന്നുകൂടിയാണ്. കൂർക്കയുടെ പ്രധാന ശത്രുക്കളായി കരുതുന്നത് കിഴങ്ങുകളുടെ പുറത്ത് ചെറു മുഴകൾ ഉണ്ടാക്കുന്ന നിമ വിരകൾ, പുഴുക്കൾ എന്നിവയാണ്. 50 മുതൽ 70 വരെ കിലോ കിഴങ്ങ് ഒരു സെന്റ് തലത്തുനിന്നും നമുക്ക് വിളയിച്ചെടുക്കാൻ സാധിക്കും. 30 മുതൽ 35 രൂപ വരെ ഒരു കിലോ കിഴങ്ങ് വിൽപ്പന നടത്തുന്നതിലൂടെ കർഷകന് ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക