കല്‍ക്കി 2898 എഡി സിനിമ ചിത്രീകരണത്തിന്റെ സമയം മുതലേ ഭാഷാ ഭേദമന്യേ രാജ്യമൊട്ടാകെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ചിത്രീകരണം നീളുംതോറും പ്രഭാസിന്റെ സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത തെല്ലൊന്നു കുറഞ്ഞിരുന്നു. പക്ഷേ റിലീസായപ്പോള്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് കല്‍ക്കി നേടിയിരിക്കുന്നത്. വെറും നാല് ദിവസം കൊണ്ട് പ്രഭാസിന്റെ കല്‍ക്കി ആഗോളതലത്തില്‍ ആകെ 500 കോടി രൂപയിലധികം കളക്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ അടുത്ത 1000 കോടി പടമായിരിക്കും കല്‍ക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വീണ്ടും പ്രഭാസ് നായകനായ ഒരു ചിത്രം രാജ്യമൊട്ടാകെ ചലനമുണ്ടാക്കുകയാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ‘കൽക്കി 2898 എഡി’ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. 2024 ജൂൺ 27-നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ബോക്സോഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. ആദ്യദിനം ആഗോളതലത്തിൽ 191 കോടിരൂപ ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക