NEWS

ഇന്ത്യൻ ഡ്രൈവറുമായി സൗദി യുവതിക്ക് പ്രണയം, ലീവിന് വന്ന കാമുകന് പിറകെ നേപ്പാൾ വഴി യുവതിയും ഇന്ത്യയിലേക്ക് ; സിനിമയെ വെല്ലുന്ന പ്രണയകഥ

ജോലിക്കെത്തിയ ഇന്ത്യൻ യുവാവിനെ പ്രണയിച്ചു ഇന്ത്യയിലേക്ക് പോന്ന സൗദി യുവതിയെത്തേടി അറബിപ്പിതാവ് ഇന്ത്യയിലെത്തി. പോലീസുമായി മകളുടെയും കാമുകന്റെയും മുന്നിലെത്തിയ അറബി, മകൾക്ക് കാമുകനെ പിരിയാൻ കഴിയില്ലെന്നുറപ്പായതോടെ തിരികെ സൗദിയിലേക്ക് മടങ്ങി. തെലുങ്കാനയിലെ നിസാമാബാദിലാണ് സിനിമാക്കഥയെ വെല്ലുന്ന പ്രണയകഥ നടന്നത്. തെലുങ്കാനക്കാരനായ 30 കാരനും 27 കാരിയായ സൗദി യുവതിയുമാണ് കഥയിലെ താരങ്ങൾ. ലീവിന് പോന്ന കാമുകന് പിന്നാലെ വന്ന യുവതി നിയമവിരുദ്ധമായാണ് ഇന്ത്യയിലേക്ക് കടന്നത്.

തെലുങ്കാനക്കാരനായ കാമുകൻ ഡ്രൈവറായി ജോലി ചെയ്ത വീട്ടിലെ മുതലാളിയുടെ മകളുമായി കടുത്ത പ്രണയത്തിലായി. വിവാഹിതരാകാനുള്ള തീരുമാനം എടുത്തതിനു ശേഷമാണ് യുവാവ് ലീവിനായി ഫെബ്രുവരിയിൽ നാട്ടിലേക്ക് വന്നത്. പിന്നീട് ഫോണിലൂടെയായിരുന്നു ഇരുവരുടെയും ബന്ധം. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവില്ല എന്ന് മനസിലാക്കിയ കാമുകി യുവാവിനെ കാണാൻ ഇന്ത്യയിലേക്ക് വരികയാണെന്ന് ഫോണിലൂടെ അറിയിച്ചു.

ഇന്ത്യയിൽ എത്താൻ അതിസാഹസികമായ യാത്രയാണ് യുവതി നടത്തിയത്. മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്ക് കടക്കുക എന്നതായിരുന്നു ലക്‌ഷ്യം. തുടർന്ന് സൗദിയിൽ നിന്നും നേപ്പാളിലേക്ക് പറന്നു.നേപ്പാളിൽ നിന്നും ബസ് മാർഗം ഇന്ത്യയിലേക്കും. ഡൽഹിയിൽ യുവാവ് കാമുകിയെ കാത്തുനിൽപ്പുണ്ടായിരുന്നു. നിയമവിരുദ്ധമായ കുടിയേറ്റം പൊല്ലാപ്പാവുമെന്ന് മനസിലാക്കിയ ഇരുവരും നേരെ പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. വിവാഹത്തിനും യാത്രയ്‌ക്കും താമസത്തിനുമുള്ള അനുമതി ആവശ്യപ്പെട്ടുകൊണ്ട് നിസാമാബാദ് ഡെപ്യൂട്ടി കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. പോലീസ് അനുമതി ലഭിച്ച ഇരുവരും വിവാഹിതരാവുകയും ചെയ്തു. തുടർന്ന് സൗദിക്കാരനായ അറബിപ്പിതാവ് മകളെത്തേടി ഇന്ത്യയിലെത്തി. തന്റെ വിവാഹം കഴിഞ്ഞെന്നും ഭർത്താവിനോടൊപ്പം ജീവിക്കാനാണ് താൽപര്യമെന്നും മകൾ തുറന്നു പറഞ്ഞതിനെ തുടർന്ന് അറബി സൗദിയിലേക്ക് തിരികെ പോകുകയും ചെയ്തു.

നയൻതാരയോട് ‘ഐ ലവ് യു’ പറഞ്ഞു ദുൽഖർ

Leave a Comment